
ന്യൂഡല്‍ഹി: വംശനാശം സംഭവിച്ച ചീറ്റ പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റ പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റ പുലികളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക.

1952 ലാണ് രാജ്യത്ത് ചീറ്റ പുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്‌ച നമീബിയയില്‍ നിന്നും പുറപ്പെട്ട എട്ട് ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ശനിയാഴ്‌ച രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിൽ എത്തിയത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിനും രാജ്യത്തിനും ചരിത്ര സമ്മാനം നൽകി. ഇന്ത്യയുടെ വന്യജീവികളെയും അതിൻ്റെ ആവാസ വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാനും വൈവിധ്യ വത്കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രധാനമന്ത്രി കാട്ടുചീറ്റകളെ പാർക്കിൽ വിട്ടയച്ചത്. ദക്ഷിണാഫ്രിക്ക ചീറ്റ പ്രോജക്ടിന് കീഴിൽ മൊത്തം 20 ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയിട്ടിട്ടുണ്ട്. നമീബിയയിൽ നിന്നും എട്ട്, ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റ പുലികളെ കൊണ്ടുവരാനാണ് പദ്ധതി.

പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റ പുലികളില്‍ രണ്ടെണ്ണം സഹോദരന്‍മാരാണ്. ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിൻ്റെ അടിസ്ഥാനത്തിലാണ് ചീറ്റ പുലികളെത്തിയത്.
വിദ്യാചൽ പർവതനിരകളുടെ വടക്ക് വശത്തായി 344.686 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് കുമോ നാഷണല്‍ പാര്‍ക്ക്. ചമ്പൽ നദിയുടെ കൈവഴിയായ കുനോയുടെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസ വ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്. എട്ട് ചീറ്റ പുലികളെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തിൽ കൊണ്ടുവന്നത്. തുടർന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.
അഞ്ചുവർഷം കൊണ്ട് 50 ചീറ്റ പുലികളെ രാജ്യത്ത് എത്തിക്കാൻ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു. 2009ൽ ആണ് ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്.
വീഡിയോ കാണാം: https://twitter.com/ANI/status/1571018666149552128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1571018666149552128%7Ctwgr%5E79fd00ea83872250698e46f59de0620811b0c93d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Findia%2Fpm-narendra-modi-releases-8-cheetahs-from-namibia-in-kuno-national-park-jk-557049.html
