
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പ്രമാദമായ കേസില്‍ ബാലചന്ദ്രകുമാറിൻ്റെ സുഹൃത്തായ വൈദികന്‍ വിക്ടറിൻ്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ദിലീപിൻ്റെ വീട്ടിലേക്ക് പല ആവശ്യങ്ങള്‍ക്ക് വേണ്ടി പോയിട്ടുണ്ടെന്ന് വൈദികന്‍ വിക്ടര്‍ പറഞ്ഞു. ദിലീപിൻ്റെ വീട്ടിലേക്ക് ബാലചന്ദ്രകുമാറിനൊപ്പമാണ് പോയത്. പണം ആവശ്യപ്പെടാനല്ല പോയതെന്നും വൈദികന്‍ വ്യക്തമാക്കി.
താന്‍ ജയിലില്‍ കഴിയുമ്പോള്‍ ബാലചന്ദ്രകുമാര്‍ അവിടെയെത്തുകയും ജാമ്യം ലഭിക്കുന്നതിന് നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെടാമെന്നും പറഞ്ഞിരുന്നു എന്നാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ദിലീപിന് ജാമ്യം ലഭിച്ച ശേഷം ബാലചന്ദ്രകുമാറിനൊപ്പം വൈദികനും വീട്ടിലെത്തി. ബിഷപ്പാണ് ജാമ്യം ലഭിക്കാന്‍ സഹായിച്ചതെന്നും അതിന് പണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നതായി ദിലീപ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളിലുള്ള സത്യാവസ്ഥയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
