പത്ര പ്രവർത്തകർക്ക് സെൻകുമാറിനെ നേരിൽ കിട്ടി; കൊറോണയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടെയുള്ളവര്‍ തടഞ്ഞു; പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോയി

  • Post category:news
  • Reading time:1 min read
You are currently viewing പത്ര പ്രവർത്തകർക്ക് സെൻകുമാറിനെ നേരിൽ കിട്ടി; കൊറോണയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടെയുള്ളവര്‍ തടഞ്ഞു; പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോയി

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം അലങ്കോലമായി. ബി .ജെ. പി പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് സമ്മേളനത്തിൽനിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. സെന്‍കുമാറിന്‍റെ കൂടെയുള്ളവര്‍ ചോദ്യങ്ങള്‍ തടഞ്ഞതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ വാർത്താസമ്മേളനം ബഹിഷ്കരിച്ചത്. കൊല്ലത്ത് എസ്.എന്‍.ഡി.പി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനോടൊപ്പമാണ് സെന്‍കുമാര്‍ പത്രസമ്മേളനം നടത്തിയത്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്‍റെ ഭാഗമായുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് സെന്‍കുമാര്‍ എത്തിയത്. ഇതിനിടയിലായിരുന്നു പത്രസമ്മേളനം.ചടങ്ങ് തുടങ്ങുന്നതിനു മുന്‍പാണ്, നൂറോളം ബി. ജെ. പി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന ഹാളില്‍ പത്രസമ്മേളനം തുടങ്ങിയത്. വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാറിനോടു കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.

അത് തന്‍റെ അഭിപ്രായമല്ലെന്നും ഡോ. പോള്‍ ഹേലി ഉള്‍പ്പെടെ ലോകത്തിലെ വിദഗ്ധരുടെ അഭിപ്രായമാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം ശ്രദ്ധ തിരിക്കാൻ ശ്രമം നടത്തി. കോവിഡ് 19 മായി ബന്ധപ്പെട്ടു തുടര്‍ചോദ്യം ചോദിക്കാനായി മാധ്യമപ്രവർത്തകർ ശ്രമിക്കുന്നതിനിടെയായിരുന്നു ബി. ജെ. പി പ്രവര്‍ത്തകര്‍ എതിർപ്പുമായി രംഗത്തെത്തിയത്. സുഭാഷ് വാസു ഉള്‍പ്പെടെ ചില നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അടങ്ങിയില്ല. ഇതിനിടയില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകയുടെ ദൃശ്യം മൊബൈലിൽ പകര്‍ത്താന്‍ ശ്രമിച്ചു. ഇത് തിരിച്ചറിഞ്ഞ മാധ്യമപ്രവർത്തക മൊബൈല്‍ പിടിച്ചുവാങ്ങി പ്രവർത്തകനെ താക്കിതു ചെയ്തു.

തര്‍ക്കം നടക്കുമ്പോള്‍ പ്രവര്‍ത്തകരെ വിലക്കാതെ സെന്‍കുമാര്‍ നിശബ്ദനായിരുന്നു. സെൻ കുമാർ ഇടപെടാതിരുന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഏതാനും ദിവസം മുമ്പാണ് കൊവിഡ് 19 കേരളത്തിലെ താപനിലയില്‍ അതിജീവിക്കില്ലെന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ആരോഗ്യരംഗത്തെ നിരവധി പേര്‍ പറഞ്ഞിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയും സെൻ കുമാറിനെ വിമർശിച്ചിരുന്നു.

മുന്‍പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സെൻകുമാർ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നിരുന്നു. ഇത് വിവാദമാവുകയും സെൻ കുമാറിനെതിരെ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു.

0Shares