Categories
articles news

കൊറോണ പോലുള്ള ദുരന്തത്തിലും പ്രതിപക്ഷം കൂവി തോൽപ്പിക്കുന്നതാരെ?; തിരിച്ചറിവില്ലാത്ത നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ എന്തിന് വേണ്ടിയാണ്?

എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കളിക്കാമെന്നാണ് ചിന്തിക്കുന്ന പ്രതിപക്ഷത്തിന്‍റെ ഈ പ്രവർത്തി തികച്ചും ഔചിത്യമില്ലാത്തതാണ്.

കേരളത്തിന്‍റെ പ്രതിപക്ഷത്തിനും യു.ഡി.എഫ് നേതാക്കൾക്കും എന്താണ് സംഭവിക്കുന്നത്. ഒരു ദുരന്തത്തെ മറികടക്കാനുള്ള അക്ഷീണ പ്രയത്നത്തെ ഇത്ര ലാഘവത്തോടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അവർ തുടരുകയാണ്. കോൺ​ഗ്രസ് നേതാവും എം. പിയുമായ കെ. മുരളിധരന്‍റെ പ്രസ്താവന ഇങ്ങിനെയായിരുന്നു. 30ഡി​ഗ്രി ചൂടിൽ കൊറോണ വൈറസ് പടരില്ലെന്നും സർക്കാരും ​ഗവൺമെന്റ് സംവിധാനങ്ങളും പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നുമാണ് മുരളീധരൻ പറയുന്നത്.

ഇറ്റലിയിൽ നിന്നുമെത്തിയവരിൽ സംസ്ഥാനത്ത് മറ്റ് എട്ടു പേരിലേക്ക് വൈറസ് പടർന്നത് എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിക്കേണ്ടതുണ്ടായിരുന്നു. യാതൊരു അറിവുമില്ലാതെ വിവരക്കേട് വിളിച്ചു പറയുകയാണ് മുരളീധരൻ. വിവരക്കേട് വിളിച്ച് പറയാനുള്ള സമയമല്ല ഇതെന്ന് തിരിച്ചറിയാനുള്ള കോമൺ സെൻസ് പോലുമില്ലാത്ത വ്യക്തിയാണ് ഈ കോൺ​ഗ്രസ് എം. പിയെന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ലല്ലോ.

സംസ്ഥാനത്തെ കൊറോണ കേസുകൾ സംബന്ധിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്ന ആരോഗ്യ മന്ത്രി കെ. കെ ശൈലജയെ തടസപ്പെടുത്തി പ്രതിപക്ഷം അനാവശ്യ ബഹളമുണ്ടാക്കുകയുണ്ടായി. ഇറ്റലിയിൽ നിന്ന് വന്ന റാന്നി സ്വദേശികളെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് നിയമസഭയിൽ ചർച്ചയായി. ഇത് സംബന്ധിച്ചുള്ള ആരോഗ്യമന്ത്രിയുടെ വിശദീകരണമാണ് ബഹളം കാരണം അവസാനിപ്പിക്കേണ്ടി വന്നത്.

രമേശ് ചെന്നിത്തലയുടെ കുറിപ്പ് കണ്ടെന്ന് പറഞ്ഞ ശൈലജ റാന്നിയിലെ കുടുംബത്തോടൊപ്പം ഫ്‌ളൈറ്റിൽ യാത്ര ചെയ്ത സഹയാത്രികൻ പറഞ്ഞ കാര്യങ്ങൾ ഓർമിപ്പിച്ചു. ” ഇറ്റലിയിൽ നിന്ന് വരുന്ന യാത്രക്കാർ എയർപോർട്ടിൽ ഇറങ്ങുമ്പോൾ ഹെല്പ് ഡെസ്‌കുണ്ട് അവിടെ അറിയിച്ചിട്ടേ പോകാവൂ എന്ന് ഫ്‌ളൈറ്റിൽ തന്നെ വളരെ വ്യക്തമായി അനൗൺസ്‌മെന്റ് ഉണ്ടായിരുന്നു.” കെ.കെ ശൈലജ പറഞ്ഞു.

ആ കുടുംബത്തിന്‍റെ ജീവൻ രക്ഷിക്കുകയാണ് അവരെ കുറ്റപ്പെടുത്തുകയല്ല ഞങ്ങളുടെ ലക്‌ഷ്യം. കുടുംബം പിന്നീടും സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ടില്ല. സർക്കാർ ആശുപത്രിയിലും ആംബുലൻസിലും കയറാൻ വിസമ്മതിച്ചു. ഒട്ടേറെ പ്രയാസങ്ങൾ അനുഭവിച്ച ശേഷമാണ് മെഡിക്കൽ സംഘം ആ കുടുംബത്തെ ആശുപത്രിയിൽ എത്തിച്ചത്. അവർ എവിടെയൊക്കെ പോയി എന്ന ചോദ്യത്തിനോട് പോലും കുടുംബം സഹകരിച്ചില്ല. ഏറെ അനുനയിപ്പിച്ചു ശേഷമാണ് കുറെ കാര്യങ്ങൾ കിട്ടിയത്.

ഒടുവിൽ കുടുംബം യാത്രചെയ്ത വഴി മനസ്സിലാക്കിയെടുക്കാൻ പതിനൊന്ന് ടീമാണ് പ്രവർത്തിച്ചത്. ഇതൊന്നും കാണാതെയാണ് പ്രതിപക്ഷം വിമർശിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സഭയിൽ പറ‍ഞ്ഞു. ഇത്രയും ആയതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. “ഇത്തരം കാര്യങ്ങളിലെങ്കിലും ദോഷൈദൃക്കാവരുത് ഷാനി..ഇത് ഈ നാട് കാണുന്നുണ്ട്,” പ്രതിപക്ഷ അംഗം ഷാനിമോൾ ഉസ്മാനോട് കെ. കെ ശൈലജ പറഞ്ഞു. പിന്നീടും ആരോഗ്യമന്ത്രി സംസാരം തുടരാൻ ശ്രമിച്ചു.

രോഗമുള്ളവർ തിരിച്ചറിയാൻ സംസ്ഥാനം കൈക്കൊണ്ടിട്ടില്ല നടപടികളുടെ വിശദീകരണങ്ങളിലേക്കാണ് മന്ത്രി കടന്നത്. എന്നാൽ പ്രതിപക്ഷ ബഹളം തുടർന്നു. “സാർ പ്രതിപക്ഷ നേതാവിന് ഉത്തരം കേൾക്കാൻ താത്പര്യമുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. അങ്ങയിൽ നിന്ന് ഞാനിത് പ്രതീക്ഷിക്കുന്നില്ല..പ്രതിപക്ഷ നേതാവ് കേൾക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം നിങ്ങൾ താത്പര്യമില്ലാത്തവർ കേൾക്കാതിരിക്കുക” എന്ന് പറഞ്ഞ ആരോഗ്യമന്ത്രിയ്ക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു.

ഇത്തരത്തിലാണ് പ്രതിപക്ഷം കൊറോണ വിഷയത്തോട് പ്രതികരിക്കുന്നത്. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കളിക്കാമെന്നാണ് ചിന്തിക്കുന്ന പ്രതിപക്ഷത്തിന്‍റെ ഈ പ്രവർത്തി തികച്ചും ഔചിത്യമില്ലാത്തതാണ്. പ്രതിപക്ഷ വിഷയ ദരിദ്രം കൊറോണ പോലുള്ള ദുരന്തത്തിലും ഉപയോ​ഗിക്കുയാണവർ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest