
തൃശൂര്‍: വിദ്യാലയങ്ങള്‍ക്ക് പുറത്ത് വട്ടമിട്ട് പറപറക്കുന്ന ലഹരി മാഫിയയെ ഭയപ്പാടോടെ ആണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കാണുന്നത്. പെണ്‍കുട്ടികളെ അടക്കം വലയിലാക്കുന്ന തരത്തില്‍ ലഹരി മാഫിയ വളര്‍ന്നുകഴിഞ്ഞു. ആഘോഷ വേളകളില്‍ വിദ്യാര്‍ത്ഥികളെ വലവീശി പിടിച്ച് കഞ്ചാവ് മയക്കുമരുന്ന് ഉള്‍പ്പെടെ കൈമാറാനുള്ള വലിയ പദ്ധതികളിലാണ് ലഹരി മാഫിയ.
സ്‌കൂള്‍ ആരംഭിക്കും മുമ്പും വിടുന്ന സമയത്തും നിരവധി പേരാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് നില്‍ക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് അടക്കം ലഹരിയുടെ മയക്കു മരുന്ന് കൈമാറാന്‍ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്നുണ്ട്. നിരോധിത ലഹരി വസ്തുക്കള്‍ക്കും കഞ്ചാവിനും അപ്പുറം ന്യൂജനറേഷൻ ലഹരി മരുന്നുകളാണ് ഈയിടെയായി വ്യാപകമായി ഉപയോഗിക്കുന്നത്.
അശ്ലീല ചിത്രം കാട്ടി കുട്ടികളെ തങ്ങളുടെ സംഘത്തിൽ എത്തിക്കുന്നവരും ഏറെയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ പ്രെഗനന്‍സി ടെസ്റ്റ് റിസര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ച സംഭവവുമുണ്ടായി.

കഴിഞ്ഞ എതാനും മാസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ മയക്കു മരുന്നുമരുന്നാണ് പിടികൂടിയത്.
ആദ്യം ലഹരി മിഠായി
സ്‌കൂള്‍ കുട്ടികളെ ലഹരിയിലേക്ക് ആകര്‍ഷിക്കാന്‍ ലഹരി മിഠായികളാണ് ഇത്തരം സംഘം നല്‍കുന്നത്. കൂടാതെ മൂക്കുപൊടി പോലുള്ള ചില വസ്തുക്കളും വ്യാപകമായി പ്രചരിക്കുപ്പിക്കുന്നു. ഒരു കാലത്ത് അപൂര്‍വമായി മാത്രം പിടിക്കപ്പെട്ടിരുന്ന എം.ഡി.എം.എ പോലുള്ള മാരക ലഹരി മയക്കുമരുന്നുകള്‍ അടുത്തകാലത്ത് സംസ്ഥാനത്തു വൻ തോതിൽ സ്ഥിരമായി പിടിക്കുന്നുണ്ട്..
പരിശോധന പ്രഹസനം
അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌കൂള്‍ തലങ്ങളില്‍ ബോധവത്കരണവും വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പൊലീസ് സാന്നിദ്ധ്യവും ഉണ്ടാകാറുണ്ടെങ്കിലും അത് എതാനും ആഴ്‌ചകളില്‍ മാത്രമായി ചുരുങ്ങും. ലഹരി വിരുദ്ധ ക്ലബ്ബുകളുടെയും മറ്റും പ്രവര്‍ത്തനം ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രമാണുള്ളത്. എക്‌സൈസും പൊലീസും പി.ടി.എ കമ്മിറ്റികളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് രൂപീകരിക്കുന്ന ജാഗ്രതാ സമിതികളും വാര്‍ഡ് തലങ്ങളില്‍ എക്‌സൈസിൻ്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സമിതികളുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. പലയിടങ്ങളും വാര്‍ഡ് തല സമിതികള്‍ ചേര്‍ന്നിട്ട് മാസങ്ങളായി.
വാട്‌സ് ആപ്പുകളിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും കാണുന്ന കാഴ്‌ചകള്‍ ഭയപ്പെടുത്തുന്നതാണ്. കുട്ടികള്‍ സ്‌കൂളില്‍ പോയി തിരിച്ച് വരുന്നതുവരെ സമാധാനമില്ലാത്ത സ്ഥിതിയാണ്. ഇത്തരം ലഹരി കച്ചവടക്കാര്‍ക്കെതിരെ കഠിനമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചാലേ അല്‍പ്പമെങ്കിലും തടയിടാനാകൂ എന്നാണ് സ്‌കൂൾ അധികൃതരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത്.
-ഒരു രക്ഷിതാവ്
