
കാസർകോട്: ലഹരിക്കെതിരെ പോലീസും ജനങ്ങളും കൈകോര്‍ക്കുന്ന ലഹരിക്കെതിരെ കൂടെയുണ്ട് പരിപാടി ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 നു നടക്കും. 26 രാവിലെ 9 ന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ പെട്ട എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ കൂടെയുണ്ട് പരിപാടി നടക്കും.
ലഹരി ഉപയോഗിക്കില്ലെന്നും അതിനെ പ്രതിരോധിക്കുമെന്നും ഇത്തരം സാമൂഹ്യ വിരുദ്ധ നടപടി കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നുള്ള പൊതുജനങ്ങള്‍ ശപഥം ചെയ്യും. ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

രാവിലെ 9 മണിക്ക് എക്‌സൈസ് വകുപ്പ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, കേന്ദ്ര സര്‍വകലാശാല എന്‍.എസ്എസ് വളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍, ലയണ്‍സ് ക്ലബ് കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, അജാനൂര്‍, റോട്ടറി ക്ലബ് മിഡ് ടൗണ്‍ കാഞ്ഞങ്ങാട്, വിവിധ വ്യാപാരി വ്യവസായ സംഘടനകള്‍, ബസ് ഉടമസ്ഥ സംഘം, ഓട്ടോ റിക്ഷ തൊഴിലാളി സംഘടനകള്‍, ഹോട്ടല്‍ റസ്റ്റോറന്റ് സംഘടന, കാഞ്ഞങ്ങാട് പ്രസ് ഫോറം എന്നിവയുടെ പ്രവര്‍ത്തകര്‍ പോലീസിനൊപ്പം ചേരും. കൂട്ടായ്മയിലെ മുഴുവന്‍ പേരും ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തശേഷം ഗ്രൂപ്പുകളായി തിരിച്ചു പൊതുജനങ്ങളെകൊണ്ട് ലഹരിക്കെതിരെ പ്രതിജ്ഞ എടുപ്പിക്കും.
ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന മുഖ്യതിഥിയാവും. കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി ഡോ. വി. ബാലകൃഷ്ണന്‍ ലഹരി വിരുദ്ധദിന സന്ദേശം കൈമാറുന്നതിനൊപ്പം സംഘാംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചിരി പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്പി പി.കെ.സുധാകരന്‍, വിവിധ ജനപ്രതിനിധികള്‍ സന്നദ്ധസംഘടനാ പ്രതിനിധികള്‍, പോലീസ് സംഘടന ഭാരവാഹികള്‍, വിവിധ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേരും. തെരുവ് നാടകങ്ങള്‍, മാജിക് ഷോ, ഫ്‌ലാഷ് മൊബ് എന്നിവയും ഉണ്ടാവും.
