
പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല വിഷയം പറയുന്നത് വർഗീയത് വളർത്താനെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റായി പോയി എന്നും ശശി തരൂർ പറഞ്ഞു. അതേസമയം കേരളത്തിൽ സി.പി.എമ്മിനെ എതിർക്കുന്നത് കോൺഗ്രസാണെന്നും ശശി തരൂർ പറഞ്ഞു. നേമത്ത് ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. നേമത്തെ മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലായിരിക്കും.
സി.സി.പി സഖ്യമെന്ന മോദിയുടെ വിമർശനം അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ചില കാര്യങ്ങളിൽ ബി.ജെ.പിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തിൽ എൽ.ഡി.എഫിനെ ശക്തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമെന്നും ശശി തരൂർ വ്യക്തമാക്കി.
