
ബംഗളൂരു: ഇന്ധന വില കൂട്ടി കർണാടക സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. ഇതോടെ പുതിയ നികുതി വർധനയനുസരിച്ച് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടും.

ശനിയാഴ്‌ച മുതലാണ് ഇന്ധനവില വർധന നിലവിൽ വന്നത്. പുതുക്കിയ വിലയനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് 102.84 രൂപയായി. ഡീസലിൻ്റെ വില 88.98 രൂപയും. മുമ്പ് പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു.
രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയെ ആശ്രയിച്ചായിരിക്കും രാജ്യത്തെ ഇന്ധന വില. അതേസമയം ഇന്ധന വില വർധനയ്ക്കെതിരെ സംസ്ഥാനത്ത് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
