
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനെ കൂടാതെ ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെളളിയാഴ്‌ചക്കുളളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് കോടതി അറിയിച്ചു. കേരളത്തിൻ്റെ ഹര്‍ജി വെളളിയാഴ്‌ച പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും വെള്ളിയാഴ്‌ച ഹാജരാകണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെ തുടര്‍ന്നാണ് കേരളം ഹര്‍ജി നല്‍കിയത്.

നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മൂന്ന് ബില്ലുകള്‍ രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഗവര്‍ണര്‍ വൈകിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഭരണഘടനയിലെ 200-ാം അനുഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ്. എന്നാല്‍ ഗവര്‍ണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും സംസ്ഥാനത്തിൻ്റെ സദ്ഭരണ സങ്കല്‍പ്പം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും കേരളം ആരോപിച്ചു.
ചീഫ് സെക്രട്ടറി ഡോ വേണു, ടി.പി രാമകൃഷ്ണൻ എം.എല്‍.എ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗണ്‍സില്‍ സി.കെ ശശിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഗവര്‍ണറുടെ ഈ നിലപാട് കേരള സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ബില്ലുകള്‍ ഒപ്പിടാതെ തീരുമാനം വൈകിപ്പിക്കുന്നത് ജനങ്ങളോടും നിയമസഭാംഗങ്ങളോടും ഗവര്‍ണര്‍ കാണിക്കുന്ന കടുത്ത അനീതിയാണെന്നും കാണിച്ച് സര്‍ക്കാര്‍ സപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
