ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്‌തു സര്‍വേക്ക് ഹൈകോടതി അനുമതി; മസ്‌ജിദ്‌ കമ്മിറ്റിയുടെ ഹരജി തള്ളി

  • Post category:national / news
  • Reading time:2 mins read
You are currently viewing ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്‌തു സര്‍വേക്ക് ഹൈകോടതി അനുമതി; മസ്‌ജിദ്‌ കമ്മിറ്റിയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: വാരണസി ഗ്യാൻവാപി പള്ളി പരിസരത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് നോക്കാനുള്ള സര്‍വേക്ക് പുരാവസ്‌തു വകുപ്പിന് അലഹബാദ് ഹൈകോടതി അനുമതി നല്‍കി. സര്‍വേ നടത്താൻ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്‌ത്‌ അൻജുമൻ ഇൻതിസാമിയ മസ്‌ജിദ്‌ കമ്മിറ്റി സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിധി പറഞ്ഞത്.

സര്‍വേ കൊണ്ട് വാരണസി ഗ്യാൻവാപി പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കില്ലെന്ന പുരാവസ്‌തു വകുപ്പിൻ്റെ അവകാശ വാദം മസ്‌ജിദ്‌ കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ എഫ്.എസ്.എ നഖ്‍വി അലഹബാദ് ഹൈകോടതിയില്‍ ചോദ്യം ചെയ്‌തിരുന്നു. സര്‍വേ അനുവദിക്കരുതെന്ന മസ്‌ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ മൂന്ന് ദിവസത്തെ വാദം പൂര്‍ത്തിയാക്കിയയാണ് ഹൈകോടതിയുടെ വിധി.

മണ്‍വെട്ടികളുമായാണ് പുരാവസ്‌തു വകുപ്പ് സര്‍വേക്ക് എത്തിയതെന്നത് മൂന്നാം ദിവസത്തെ വാദം കേള്‍ക്കലിലാണ് പള്ളിക്കമ്മിറ്റി ബോധിപ്പിച്ചത്. മണ്‍വെട്ടി ഉപയോഗിച്ചോ എന്ന കോടതിയുടെ ചോദ്യത്തിന്, സര്‍വേ സ്റ്റേ ചെയ്‌തതിനാല്‍ ഉപയോഗിച്ചില്ലെന്ന് മസ്‌ജിദ്‌ കമ്മിറ്റി അഭിഭാഷകൻ നഖ്‍വി മറുപടി നല്‍കി.

ആയുധവുമായി ആരെങ്കിലും കോടതിയില്‍ വന്നാല്‍ അയാളത് ഉപയോഗിക്കുമെന്ന് അര്‍ഥമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍, ആരെങ്കിലും ആയുധവുമായി വരുന്നത് തമാശക്കല്ലെന്ന് നഖ്‍വി പ്രതികരിച്ചു. മുഖ്യ ഹരജി തീര്‍പ്പാക്കാതെ മൂന്നാം കക്ഷികള്‍ ഓരോ ഹരജികളുമായി വരുന്നത് തങ്ങള്‍ക്ക് പീഡനമാകുകയാണെന്ന് നഖ്‍വി കോടതിയെ ഉണര്‍ത്തി.

പര്യവേക്ഷണം കൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്താണ് ഉദ്ദേശിക്കുന്നതെന്നും കുഴിക്കാതെ അത് സാധ്യമല്ലേ എന്നും ചീഫ് ജസ്റ്റിസ് പുരാവസ്‌തു വകുപ്പിനോട് ചോദിച്ചു. തങ്ങള്‍ പള്ളിക്ക് കേടുപാടുകളോ വിള്ളലുകളോ വരുത്തില്ലെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥൻ മറുപടി നല്‍കി. എ.എസ്.ഐയെ പിന്തുണച്ച യു.പി സര്‍ക്കാറിൻ്റെ അഡ്വക്കറ്റ് ജനറല്‍ ഒരു തരത്തിലുള്ള നശീകരണത്തിനും ജില്ല കോടതി ഉത്തരവിട്ടിട്ടില്ലെന്ന് വാദിച്ചു.

സര്‍വേ കോളിളക്കമുണ്ടാക്കുമെന്ന പള്ളി കമ്മിറ്റിയുടെ വാദത്തെ എതിര്‍ത്ത യു.പി സര്‍ക്കാറിൻ്റെ അഡ്വക്കറ്റ് ജനറല്‍, കോടതി എന്ത് ഉത്തരവിട്ടാലും ക്രമസമാധാന പാലനം തങ്ങള്‍ നോക്കുമെന്ന് ബോധിപ്പിച്ചു. ക്ഷേത്രത്തോടും പള്ളിയോടുമുള്ള യു.പി സര്‍ക്കാറിൻ്റെ ഉത്തരവാദിത്തം ഒരുപോലെയാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ ആണെന്നായിരുന്നു എ.ജിയുടെ മറുപടി. തങ്ങളൊരു പക്ഷത്തുമില്ലെന്നും ക്രമസമാധാനമാണ് തങ്ങളുടെ ചുമതലയെന്നും എ.ജി അവകാശപ്പെട്ടു. സര്‍വേ കൊണ്ട് ഒരു കുഴപ്പവുമുണ്ടാകില്ല. എല്ലാ കരുതലുകളും എടുത്തിട്ടുണ്ടെന്നും തങ്ങള്‍ എല്ലാറ്റിനും തയാറാണെന്നും എ.ജി അറിയിച്ചിരുന്നു.

അതിനിടെ, ഗ്യാൻവാപി വിഷയത്തില്‍ സമാധാനമുണ്ടാകണമെങ്കില്‍ തെറ്റുപറ്റിയെന്ന് മുസ്‌ലിംകള്‍ സമ്മതിക്കണമെന്നും ഹിന്ദുത്വ വേരുകള്‍ വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഗ്യാൻവാപിയിലുണ്ടെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാര്‍ത്താ ഏജൻസിയായ എ.എൻ.ഐയുടെ ‘പോഡ്‌കാസ്‌റ്റ് വിത്ത് സ്‌മിത പ്രകാശ്’ എന്ന പരിപാടിയിലാണ് യോഗിയുടെ പരാമര്‍ശം.

ഗ്യാൻവാപി- കാശി വിശ്വനാഥ് തര്‍ക്കത്തില്‍ പരിഹാരമുണ്ടോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാല്‍ അത് വിവാദമാകും. ചരിത്രപരമായ തെറ്റിനെ മുസ്‌ലിം വിഭാഗത്തിന് അംഗീകരിക്കാനും തിരുത്താനുമുള്ള സമയമാണിതെന്നും എ.എൻ.ഐ എഡിറ്റര്‍ സ്‌മിത പ്രകാശുമായി സംസാരിക്കവെ യോഗി പറഞ്ഞു.

0Shares