പുതിയ പെന്‍ഷന്‍ പദ്ധതി; പി.എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി, ചേരാന്‍ നാലുമാസം സമയം

You are currently viewing പുതിയ പെന്‍ഷന്‍ പദ്ധതി; പി.എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി, ചേരാന്‍ നാലുമാസം സമയം

ന്യൂഡെൽഹി: പിഎഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി. ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച്‌ സുപ്രീംകോടതി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാലുമാസം കൂടി സമയം അനുവദിച്ചു. 1.16 ശതമാനം തൊഴിലാളികള്‍ നൽകണമെന്ന നിര്‍ദേശവും റദ്ദാക്കി. 15000 രൂപ പരിധി റദ്ദാക്കി. കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു.2014 സെപ്റ്റംബര്‍ 1ന് മുമ്പ് വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

അതേസമയം, 15000 രൂപ പരിധി റദ്ദാക്കിയ ഉത്തരവ് ആറുമാസത്തേക്ക് മരവിപ്പിച്ചു. പെന്‍ഷന്‍ നല്‍കാനായി ഫണ്ട് കണ്ടെത്താനാണ് ആറുമാസത്തെ സാവകാശം. പെന്‍ഷന്‍ കണക്കാക്കുക അഞ്ചുവര്‍ഷത്തെ ശരാശരിയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്നവര്‍ക്കും 15,000 രൂപ പരിധി നിശ്ചയിച്ചാണ് നിലവില്‍ പെന്‍ഷന്‍ കണക്കാക്കുന്നത്.ശമ്പളത്തിൻ്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നല്‍കിയാല്‍ രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകരും എന്നായിരുന്നു കേന്ദ്ര വാദം.

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ 2014-ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇ.പി.എഫ്‌.ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

എംപ്ലോയ്മെണ്ട് പെന്‍ഷന്‍ സ്‌കീമീല്‍ 2014ലെ കേന്ദ്ര ഭേദഗതിയാണ് കേസിന് ആധാരം. പി.എഫില്‍ നിന്ന് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാന ശമ്പളത്തിന് 15,000 രൂപയുടെ മേല്‍പ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ 15,000 രൂപയിലേറെ ശമ്പളമുള്ളവര്‍ക്ക് യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അവസരം കിട്ടി. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിന് സമയ പരിധി ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെന്‍ഷന്‍ കണക്കാക്കുന്ന കേന്ദ്ര നിയമ ഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

0Shares