പെഗാസസ് കേസ്; സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ജൂലൈയിലാണ് കോടതി വിശദമായ വാദം കേള്‍ക്കുക, പെഗാസസ്? ചോർത്തൽ എങ്ങനെ?

  • Post category:national / news
  • Reading time:3 mins read
You are currently viewing പെഗാസസ് കേസ്; സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ജൂലൈയിലാണ് കോടതി വിശദമായ വാദം കേള്‍ക്കുക, പെഗാസസ്? ചോർത്തൽ എങ്ങനെ?

ഡല്‍ഹി: പെഗാസസ് കേസില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിട്ടേഡ് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 12ന് സുപ്രീം കോടതി ഉള്ളടക്കം വിലയിരുത്തും. ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഇസ്രായേലി ചാര സോഫ്റ്റ്‍വെയറായ പെഗാസസ് 2017ല്‍ ഒരു പ്രതിരോധ ഇടപാടിന്‍റെ ഭാഗമായി ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വീണ്ടും പെഗാസസ് വിവാദമായത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിദഗ്ധ സമിതിക്ക് സുപ്രീം കോടതി കഴിഞ്ഞ മേയില്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി 29 ഫോണുകള്‍ സാങ്കേതിക സംഘം പരിശോധിച്ചെന്ന് കോടതി വ്യക്തമാക്കിയിരുന്നു.ഹരജിയില്‍ ഇനി ജൂലൈയിലാണ് കോടതി വിശദമായ വാദം കേള്‍ക്കുക.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുപ്രീം കോടതി ഒരു സ്വതന്ത്ര വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചത്. മുന്‍ ജഡ്ജിമാര്‍, മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളില്‍ ഗവണ്‍മെന്‍റ് ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവുണ്ടായിരുന്നു. ഡോ.നവീന്‍ കുമാര്‍ ചൗധരി, ഡോ.പ്രഭാഹരന്‍ പി, ഡോ.അശ്വിന്‍ അനില്‍ ഗുമസ്തെ എന്നിവരാണ് സാങ്കേതിക സമിതിയിലെ അംഗങ്ങള്‍.

ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്‍റെ ഫോണ്‍ ഹാക്കിംഗ് സോഫ്റ്റ്‍വെയറായ പെഗാസസ് ടാര്‍ഗറ്റു ചെയ്യാന്‍ സാധ്യതയുള്ള 50,000 പേരില്‍ ഇന്ത്യന്‍ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളും ഉള്‍പ്പെടുന്നുവെന്ന് മാധ്യമ സ്ഥാപനങ്ങളുടെയും അന്വേഷണാത്മക പത്ര പ്രവര്‍ത്തകരുടെയും ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് 2021 ജൂലൈയില്‍ പെഗാസസ് വിവാദം തുടങ്ങുന്നത്.

അഭിഭാഷകര്‍, രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ക്ക് മറുപടിയായി, കേന്ദ്ര ഇലക്‌ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ആഗസ്ത് 16-ന് മൂന്ന് പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനൊടുവിലാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

എന്താണ് പെഗാസസ്?

വിവരങ്ങളെല്ലാം ചോർത്തി സ്വയം മരണം വരിക്കുന്ന സോഫ്റ്റ്‌വെയറാണ് പെഗാസസ്. സൈബർ ആയുധമെന്ന നിലയിൽ ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് 2016ൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറായ പെഗാസസ് ആൻഡ്രോയ്ഡ് ഫോണുകളിൽ അടക്കം ഉൾപ്പെടുത്താം. ഇത് വ്യക്തികൾക്ക് ലഭ്യമല്ല. സർക്കാർ ഏജൻസികൾക്കാണ് സാധാരണ നൽകാറുള്ളത് എന്നാണ് വിവരം. ഫോൺ ചോർത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ ആയുധമാണ് പെഗാസസ് എന്നാണ് സൈബർ ഗവേഷകർ പറയുന്നത്.

ചോർത്തൽ എങ്ങനെ?

ഒരു തെളിവും അവശേഷിപ്പിക്കാതെ ഒരു ലിങ്കിലൂടെയോ വോയ്സ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഫോണുകളിലേയ്ക്ക് കടത്തിവിടുകയും ഫോൺ ഹാക്ക് ചെയ്യുകയും ചെയ്യുകയാണ് പെഗാസസിന്റെ പതിവ് രീതി.

വാട്സാപ് മിസ്ഡ് വിഡിയോ കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്‌റ്റ്വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. പാസ്വേഡുകൾ, ഫോൺ നമ്പരുകൾ, എസ്എംഎസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം.

ഫോണിന്റെ ഉടമ അറിയുക പോലുമില്ലാതെ ക്യാമറയും മൈക്രോഫോണും എല്ലാം ഓണാക്കാനും അതുവഴി വിവരങ്ങൾ ശേഖരിക്കാനും എല്ലാം പെഗാസസിന് സാധിക്കും. പെഗാസസ് ഫോണിൽ ചാരപ്പണി നടത്തുമ്പോൾ, അതിന്റെ ഒരു ലക്ഷണങ്ങളും പ്രകടമാവില്ല. ഫോൺ സ്ലോ ആവുക പോലും ഇല്ല.

ഒരുവർഷം പരമാവധി 500 ഫോണുകൾ വരെയാണ് പെഗാസിസ് വഴി നിരീക്ഷിക്കാൻ സാധിക്കുക. ഒരേസമയം പരമാവധി 50 ഫോണുകളും.

എന്തൊക്കെ ചോർത്തും ?

പെഗാസസ് ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ, വിദൂരതയിൽ എവിടെയെങ്കിലും ഉള്ള ഹാക്കറുടെ കമാൻഡ് കമ്പ്യൂട്ടറുമായി അത് ഫോണിനെ ബന്ധിപ്പിക്കുകയായി. എന്തൊക്കെ വിവരങ്ങളാണ് ഫോണിൽ നിന്ന് ചോർത്തേണ്ടത് എന്നത് ഹാക്കർ നൽകുന്ന വിവരം അനുസരിച്ച് പെഗാസസ് ചോർത്തിനൽക്കിക്കൊണ്ടിരിക്കും.

പാസ്വേർഡുകൾ, കോണ്ടാക്ട് ലിസ്റ്റ്, കലണ്ടർ ഇവന്റുകൾ, ടെക്സ്റ്റ് മെസേജുകൾ, ലൈവ് വോയ്‌സ് കോളുകൾ തുടങ്ങിയവയെല്ലാം ചോർത്തി നൽകാൻ പെഗാസസിന് കഴിയും.

എൻക്രിപ്റ്റഡ് ഓഡിയോ സ്ട്രീമുകളും എൻക്രിപ്റ്റഡ് സന്ദേശങ്ങളും വരെ ചോർത്താൻ പെഗാസസിന് കഴിയും എന്നാണ് വിവരം.

ആരുടെയൊക്കെ ചോർത്തി ?

പെഗാസസിന്റെ നിരീക്ഷണത്തിൽ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, നാൽപതിലേറെ മാധ്യമപ്രവർത്തകർ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നു റിപ്പോർട്ട്. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് പേരുടെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

പട്ടികയിലുള്ള ഇന്ത്യക്കാരിൽ 10 പേരുടെ ഫോണുകളിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതായി കണ്ടെത്തി.

പുറത്തുവിട്ടത് ആര് ?

‘വാഷിങ്ടൺ പോസ്റ്റ്’, ‘ദ് ഗാർഡിയൻ’, ഇന്ത്യയിലെ ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ തുടങ്ങി 17 മാധ്യമങ്ങൾ ചേർന്നാണ് വിവരങ്ങൾ പുറത്തുവിട്ടത്. പാരിസ് ആസ്ഥാനമായ ഫോർബിഡൻ സ്റ്റോറീസ് എന്ന മാധ്യമ സന്നദ്ധ സംഘടനയ്ക്കും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലിനും ചോർന്നുകിട്ടിയ വിവരങ്ങൾ അവർ മാധ്യമ കൂട്ടായ്മയ്ക്കു കൈമാറുകയായിരുന്നു.

ഇന്ത്യൻ ഏജൻസികൾ പെഗാസസ് ഉപയോഗിക്കുന്നുണ്ടോ ?

ഇന്ത്യൻ ഏജൻസികൾ പെഗാസസ് ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം കേന്ദ്രസർക്കാർ നൽകിയിട്ടില്ല.

2019 നവംബറിൽ ആയിരുന്നു എംപിയായ ദയാനിധിമാരൻ ഈ ചോദ്യം ലോക്‌സഭയിൽ ഉന്നയിച്ചത്.

സർക്കാരിന് ഇത്തരത്തിൽ നിരീക്ഷണം നടത്താനുള്ള അധികാരമുണ്ട് എന്നായിരുന്നു വിശദീകരണം. ഏതൊക്കെ ഏജൻസികൾക്കാണ് അതിന് കഴിയുക എന്നും വിശദീകരിച്ചിട്ടുണ്ട്.

എന്നാൽ ആർക്കും എപ്പോഴും എടുത്തുപയോഗിക്കാൻ പറ്റുന്ന അധികാരമല്ല ഇതെന്നും പറയുന്നു. പക്ഷേ, പെഗാസസിനെ കുറിച്ച് ആ മറുപടിയിൽ പരാമർശിക്കുന്നതേ ഇല്ല.

ആർക്കുവേണ്ടി ?

ആരൊക്കെയാണ് ഇത് വാങ്ങിയിട്ടുള്ളത് എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന സർക്കാർ രഹസ്യാന്വേഷണ, നിയമപരിപാല ഏജൻസികൾ മാത്രമാണ് ഇത് ഉപയോഗിക്കുന്നത് എന്ന് അവരുടെ വെബ്‌സൈറ്റിൽ കൃത്യമായി പറയുന്നുണ്ട്.

2018ൽ സിറ്റിസൺ ലാബ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.

0Shares