
കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾ സംഘടിച്ചതിലെ ഗൂഢാലോചന കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. 20 മിനിറ്റിനുള്ളിലാണ് പായിപ്പാട് 3000 ൽ ഏറെ തൊഴിലാളികൾ ഒത്തുകൂടിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇത് നടക്കില്ല. തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ പങ്ക് പോലീസ് സംശയിക്കുന്നു.

എറണാകുളം റേഞ്ച് ഐ.ജി മഹേഷ് കുമാർ കാളിരാജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ക്യാംപുകളിൽ പരിശോധന നടത്തി. തൊഴിലാളികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ക്യാംപുകളിൽ നടത്തിയ റെയ്ഡിൽ 21 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ലോക്ഡൗൺ കാരണമാക്കി ദേശവ്യാപക തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു പ്രതിഷേധമെന്നാണ് സൂചന.
പ്രതിഷേധത്തിന് മണിക്കൂറുകൾ മുൻപ് ഏതാനും ഓഡിയോ, വിഡിയോ ക്ലിപ്പുകൾ തൊഴിലാളികളുടെ ഇടയിൽ പ്രചരിച്ചു. ഉത്തരേന്ത്യയിൽ പ്രതിഷേധത്തെ തുടർന്ന് തൊഴിലാളികൾക്ക് നാട്ടിലേക്ക് വാഹനങ്ങൾ ഒരുക്കിയതും ഇതിന്‍റെ ദൃശ്യങ്ങളും ഉൾപ്പെടെയാണ് പ്രചരിച്ചത്. പ്രതിഷേധിച്ചാൽ മാത്രമേ ആവശ്യം അംഗീകരിക്കൂ എന്നായിരുന്നു ആഹ്വാനം. ഇതാണ് രാജ്യത്തുടനീളം സമാന സമരങ്ങൾ സംഘടിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംശയിക്കാൻ കാരണം.
