
കാസർകോട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആരോഗ്യമേള രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ വകുപ്പ്, ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷയായി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി.ചന്ദ്രന്‍, എം.പത്മകുമാരി, രജനി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗളായ ജോസ് മാവേലില്‍, സി.രേഖ, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സന്തോഷ്.വി.ചാക്കോ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ എസ്.സയന തുടങ്ങിയവര്‍ പങ്കെടുത്തു. പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി രാവിലെ ഒമ്പതിനു പൂടംകല്ല് താലൂക്ക് ആശുപത്രി അങ്കണത്തില്‍ നിന്നും രാജപുരത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്തി. പരപ്പ ബ്ലോക്കിനു കീഴിലുള്ള ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു.

ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ടി.പി.ആമിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഭിന്നശേഷിക്കാര്‍ക്കായി യു.ഡി.ഐ.ഡി അദാലത്ത്, കലാസാംസ്‌കാരിക പരിപാടികള്‍, ബാലചന്ദ്രന്‍ കൊട്ടോടി അവതരിപ്പിച്ച ആരോഗ്യവിസ്മയം പരിപാടി തുടങ്ങിയവയും മേളയുടെ ഭാഗമായി നടന്നു. മേളയോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിൻ്റെ വിവിധ സ്റ്റാളുകള്‍ ആയുര്‍വേദ, ഹോമിയോ, കണ്ണ് പരിശോധന ക്യാമ്പുകളും, ആദിവാസി കലാരൂപങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരുന്നു.
