
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് വിളിച്ച് പാകിസ്താൻ നിയുക്ത പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാർലമെന്റിലെ പ്രസംഗത്തിനിടെയായിരുന്നു ഷഹബാസ് ഷെരീഫിൻ്റെ പ്രതികരണം. ഇന്ത്യയുമായി പാകിസ്താൻ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. കശ്മീർ വിഷയം ചർച്ച ചെയ്യുവാനാണ് മോദിയെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കും. സമാധാനമായി പ്രശ്നം പരിഹരിക്കണമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

ദാരിദ്യത്തിനെതിരെ ഒരുമിച്ച് പോരാടണം. ചൈനയും സൗദി അറേബ്യയും തുർക്കിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അമേരിക്കയുമായും ആണവായുധ-എതിരാളികളായ ഇന്ത്യയുമായുളള മികച്ച ബന്ധം പാകിസ്താന് ആവശ്യമാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
പാകിസ്താൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ദൈവം പാകിസ്ഥാനെ രക്ഷിച്ചുവെന്നും പാകിസ്താൻ ജനത ഈ ദിവസം ആഘോഷിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ സഹോദരനും പ്രതിപക്ഷ പി.എം.എൽ-എൻ നേതാവുമാണ് ഷെഹ്ബാസ് ഷെരീഫ്.
പാകിസ്താൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിൻ്റെ പ്രസിഡൻ്റാണ് മിയാ മുഹമ്മദ് ഷഹബാസ് ഷെരീഫ്. നിലവിൽ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിൻസിൻ്റെ മുഖ്യമന്ത്രിയായിരുന്നു.
