പ്രസംഗത്തിൽ പി.ജയരാജന്‍റെ ‘മോര്‍ച്ചറി’ പ്രയോഗം ഭാഷാചാതുര്യം; ഭീഷണിയായി കാണേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പ്രസംഗത്തിൽ പി.ജയരാജന്‍റെ ‘മോര്‍ച്ചറി’ പ്രയോഗം ഭാഷാചാതുര്യം; ഭീഷണിയായി കാണേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍

യുവമോര്‍ച്ചയ്ക്കെതിരെ സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പി.ജയരാജൻ്റെ പ്രസ്താവന ഭാഷാചാതുര്യത്തിൻ്റെ ഭാഗമായി ഉണ്ടായതാണ്. പ്രസംഗം ഭീഷണിയായി കാണേണ്ടതില്ലെന്നും പ്രാസംഗികനെന്ന നിലയിൽ ഒരു പ്രയോഗം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

‘കൈവെട്ടും കൊല്ലും എന്ന് യുവമോർച്ച പരസ്യമായി പ്രസ്താവന നടത്തിയപ്പോൾ ഉള്ള പ്രതികരണം മാത്രമാണത്. പി.ജയരാജൻ നടത്തിയത് പ്രയോഗമാണ്, അത് ഭാഷാചാതുര്യത്തിൽ ഭാഗമാണ്. യുവമോർച്ചയുടെ പ്രഖ്യാപനം മോർച്ചറിയിലായിരിക്കും എന്നത് ഭാഷാ ഭംഗി ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നു.

യുവമോർച്ചയാണല്ലോ, അതുകൊണ്ട് മോർച്ചറി എന്ന പദം അവിടെ ഉപയോഗിച്ചു. പ്രാസംഗികൻ എന്ന നിലയിൽ ഭാഷാ ഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമാണ് ജയരാജൻ നടത്തിയിട്ടുള്ളൂ’ ഇ.പി ജയരാജന്‍ പറഞ്ഞു.

ഷംസീറിനെതിരെ കൈയോങ്ങിയാല്‍ യുവമോർച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്നായിരുന്നു പി.ജയരാജന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ഷംസീറിൻ്റെ എം.എൽ.എ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷിൻ്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി.ജയരാജന്‍ മറുപടി നല്‍കിയത്.

0Shares