
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്‌സ് ടെസ്റ്റിനായി ഇന്നുമുതല്‍ ആര്‍.ടി ഓഫിസില്‍ എത്തണം. ആര്‍.ടി ഓഫിസുകളിലും സബ് ആര്‍.ടി ഓഫിസുകളിലും എത്തി ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷയെഴുതേണ്ടത്. ഓണ്‍ലൈന്‍ വഴിയുള്ള ലേണേഴ്‌സ് പരീക്ഷ വ്യാപക ക്രമക്കേടിന് കാരണമായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി പഴയ പോലെയാക്കിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലേണേഴ്‌സ് പരീക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. അതിനു പിന്നാലെയാണ് തട്ടിപ്പു നടന്നത്. ബംഗാളികള്‍ ഉള്‍പ്പടെയുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ ദിവസവും മലയാളത്തില്‍ പരീക്ഷ എഴുതി പാസായപ്പോഴാണ് കള്ളത്തരങ്ങൾ പുറത്തായത്.
പരീക്ഷയെഴുതുന്നവര്‍ക്ക് വരുന്ന ഒ.ടി.പി നമ്പര്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് നല്‍കും. ഇവര്‍ക്ക് വേണ്ടി മറ്റാരെങ്കിലും പരീക്ഷ എഴുതി ജയിക്കുക ആയിരുന്നെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഓഫിസുകളിലേക്ക് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. സബ് ആര്‍.ടി ഓഫിസുകളില്‍ 46- 60 പേര്‍ക്കും ആര്‍.ടി ഓഫിസുകളില്‍ 90 പേര്‍ക്കും പരീക്ഷ എഴുതുന്നതിന് സംവിധാനമൊരുക്കും.
