
തൃശൂര്‍: അവിവാഹിതയായ വയോധികയെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കി സ്വത്ത് എഴുതി വാങ്ങുകയും സംരക്ഷിക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ മെയിൻ്റെനന്‍സ് ആന്‍ഡ് ട്രൈബ്യൂണലിൻ്റെ ഇടപെടല്‍. സ്വത്ത് ബന്ധുകളില്‍ നിന്ന് തിരിച്ച് നല്‍കാന്‍ ഉത്തരവ്. വയോധികയുടെ 10 സെന്റ് സ്ഥലവും വീടും നോക്കി സംരക്ഷിക്കാം എന്ന വാഗ്ദാന ഉറപ്പിന്മേല്‍ 2017 ഇഷ്ടദാനമായി സഹോദരി പുത്രന്‍ എഴുതി വാങ്ങുകയായിരുന്നു.
മെയിൻ്റെനന്‍സ് ട്രൈബ്യൂണല്‍ തൃശൂര്‍ സബ് ഡിവിഷൻ്റെയും ജില്ലാ സാമൂഹിക നീതി വകുപ്പിൻ്റെയും നേതൃത്വത്തില്‍ അയ്യന്തോള്‍ വനിതാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അദാലത്തിലാണ് മെയിൻ്റെനന്‍സ് ട്രൈബ്യൂണലിൻ്റെ ഉത്തരവ്.

സംരക്ഷിക്കാം എന്ന വാഗ്ദാനം നല്‍കി സഹോദരിയുടെ മകന്‍ ആകെ ഉണ്ടായിരുന്ന വീടും സ്ഥലവും കൈക്കലാക്കിയതിന് ശേഷം സംരക്ഷിക്കുന്നില്ലെന്ന് കാട്ടി ട്രൈബൂണലില്‍ സെപ്തംബറിലാണ് പരാതി നല്‍കിയത്. അദാലത്തില്‍ ഇരുകൂട്ടരെയും നേരിട്ട് കേള്‍ക്കുകയും വയോധികയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന് ട്രൈബ്യൂണലിനെ അറിയിക്കുകയും ചെയ്‌തു.
ഈ സാഹചര്യത്തില്‍ സംരക്ഷണ വ്യവസ്ഥ ലംഘിച്ചതിൻ്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മെയിൻ്റെനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസര്‍ കൂടെയായ സബ് കളക്ടര്‍ മുഹമ്മദ് ഷഫീക്ക് ആധാരം റദ്ദ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. അമ്പതോളം കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 42 ഓളം കേസുകളില്‍ സംരക്ഷണ ചെലവ് നല്‍കുന്നതിനും തീര്‍പ്പ് കല്‍പ്പിച്ചു.
