
ന്യൂഡല്‍ഹി: കശ്മീര്‍ വിവാദ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ന്യൂഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. പരാതിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്.
പരാതിയില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയിരുന്നു.

സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിര്‍ദേശിച്ചാല്‍ പുതിയ കേസെടുക്കാം എന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.
ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. കശ്മീര്‍ സന്ദര്‍ശിച്ച ശേഷം ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ ‘ഇന്ത്യ അധീന കശ്മീര്‍’, ‘ആസാദ് കശ്മീര്‍’ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്. നേരത്തെ, വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ജലീലിനെതിരെ പത്തനംതിട്ട പൊലീസും കേസെടുത്തിരുന്നു.
