സജി ചെറിയാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു, ഭരണഘടനയെ അവഹേളിച്ച്‌ നടത്തിയ പ്രസംഗം നിയമ കുരുക്കിലേക്ക്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സജി ചെറിയാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു, ഭരണഘടനയെ അവഹേളിച്ച്‌ നടത്തിയ പ്രസംഗം നിയമ കുരുക്കിലേക്ക്

തിരുവനന്തപുരം: രാജ്യത്തിൻ്റെ ഭരണഘടനയെ കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാൻ്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള ആരംഭിച്ച്‌ മിനിട്ടുകള്‍ക്കകം നിയമസഭ ബുധനാഴ്‌ച പിരിഞ്ഞു.

ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കാതെ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലേയ്ക്ക് ഇറങ്ങി. എട്ട് മിനിട്ട് മാത്രമാണ് സഭ കൂടിയത്. പ്രതിഷേധ ദൃശ്യങ്ങള്‍ സഭ ടി.വിയില്‍ കാണിച്ചിരുന്നില്ല.

മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത്. മുദ്രാവാക്യം വിളികള്‍ക്കിടെ സ്‌പീക്കര്‍ ചോദ്യം ഉന്നയിക്കാന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. ഇതിനിടെയാണ് നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്‌പീക്കര്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. സഭ പിരിഞ്ഞതിന് ശേഷം പ്രതിപക്ഷം സഭാ കവാടത്തിലും പ്രതിഷേധിച്ചു.

അതേസമയം, ഭരണഘടനയെ അവഹേളിച്ച്‌ പൊതുയോഗത്തില്‍ നടത്തിയ പ്രസംഗം നിയമ കുരുക്കുകളിലേക്ക് നീങ്ങുകയാണ്. സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടുകയും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്.

0Shares