Categories
കാസർകോട്ടെ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ യുവാവ് റിമാണ്ടിൽ; അന്വേഷണം കൂടുതൽ യുവാക്കളിലേക്ക്
ഷുഹൈലയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നാല് യുവാക്കള്‍ സ്ഥിരമായി ബന്ധപ്പെട്ടത് വ്യക്തമായിരുന്നു
Trending News





ബോവിക്കാനം / കാസർകോട്: വിദ്യാർത്ഥിനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. ബദിയടുക്ക, പിലാങ്കട്ട, അർത്തിപ്പള്ളം സ്വദേശിയും മുളിയാർ മൂലടുക്കത്ത് താമസക്കാരനുമായ മുഹമ്മദ് ഇർഷാദ് (23)നെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇർഷാദിനെ ആദൂർ സർക്കിൾ ഇൻസ്പെക്ടർ എ.അനിൽ കുമാർ അറസ്റ്റ് ചെയ്തത്. പ്രതിയെകുറിച്ച് സൂചനകൾ നൽകിയിട്ടും അറസ്റ്റ് വൈകുന്നുവെന്ന ബന്ധുക്കളുടെ പ്രതിഷേധം ചാനൽ ആർ.ബി ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Also Read

കഴിഞ്ഞ മാർച്ച് 30ന് പരീക്ഷാ തലേന്ന് വൈകിട്ട് ആറരയോടെയാണ് ചെർക്കള ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയായ മുളിയാർ ആലന്തടുക്കയിലെ സുഹൈലയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചില യുവാക്കൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ചു സഹോദരൻ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകിയിരുന്നു.
പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് അറസ്റ്റ് നടന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. എസ്.ഐ മധു, സിവിൽ പോലീസ് ഓഫിസർമാരായ ചന്ദ്രൻ നായർ, അജയ്, വിത്സൺ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയുടെ സഹപാഠികളായ രണ്ട് വിദ്യാർത്ഥിനികളുടെയും സഹോദരിമാരുടെയും രഹസ്യമൊഴി കഴിഞ്ഞമാസം കാസർകോട് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

ഷുഹൈല ഉപയോഗിച്ചിരുന്ന ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഷുഹൈലയെ നാല് യുവാക്കള്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അതിലൊരു യുവാവ് സംഭവം നടക്കുന്നതിൻ്റെ ഒരു മണിക്കൂര്‍ മുമ്പ് ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും വ്യക്തമായിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കാരണക്കാരായ യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം.
മൂന്നുമാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെപോക്ക് കാരണം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും രാപകല്‍ സമരം സംഘടിപ്പിക്കാൻ ഒരുങ്ങവെയാണ് ഒരു പ്രതി പിടിയിലായത്. പ്രതിഷേധ സൂചകമായി ബോവിക്കാനം ടൗണിലേക്ക് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഷുഹൈലയെ ചില യുവാക്കള്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതിന് തെളിവായുള്ള ശബ്ദ സന്ദേശങ്ങള്‍ കുടുംബം പൊലീസിന് നേരത്തേ കൈമാറിയിരുന്നു.

Sorry, there was a YouTube error.