ഒരൊറ്റ ബുള്ളറ്റ് പോലും ഉപയോഗിക്കാതെ ഓപ്പറേഷന്‍ ഒക്‌ടോപ്പസ്; പോപ്പുലര്‍ ഫ്രണ്ട് റെയിഡിൻ്റെ ആസൂത്രകന്‍ അജിത് ഡോവല്‍, എല്ലാം തീരുമാനിച്ചത് പ്രധാനമന്ത്രിക്ക് ഒപ്പം രഹസ്യമായി കൊച്ചിയില്‍ വന്ന ദിവസം

You are currently viewing ഒരൊറ്റ ബുള്ളറ്റ് പോലും ഉപയോഗിക്കാതെ ഓപ്പറേഷന്‍ ഒക്‌ടോപ്പസ്; പോപ്പുലര്‍ ഫ്രണ്ട് റെയിഡിൻ്റെ ആസൂത്രകന്‍ അജിത് ഡോവല്‍, എല്ലാം തീരുമാനിച്ചത് പ്രധാനമന്ത്രിക്ക് ഒപ്പം രഹസ്യമായി കൊച്ചിയില്‍ വന്ന ദിവസം

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ സെപ്‌തംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത് ഐ.എന്‍.എസ് വിക്രാന്ത് എന്ന ഇന്ത്യന്‍ നേവിയുടെ പടക്കുതിരയെ കമ്മിഷന്‍ ചെയ്യുന്നതിനായിരുന്നു.
ലോകം മുഴുവന്‍ ഉറ്റുനോക്കിയ ആ ചടങ്ങ് ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തുന്നതുമായി. അന്ന് മോദിയോടൊപ്പം മറ്റൊരാള്‍ കൂടി അതീവ രഹസ്യമായി കൊച്ചിയിലെത്തിയിരുന്നു. മോദിയുടെ വിശ്വസ്തരില്‍ വിശ്വസ്തനും ദേശീയസുരക്ഷാ ഉപദേഷ്‌ടാവുമായ അജിത് ഡോവല്‍ ആയിരുന്നു അത്.

വിക്രാന്ത് ആയിരുന്നില്ല ഡോവലിൻ്റെ ലക്ഷ്യം, പകരം കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ട പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന വ്യാപക റെയ്‌ഡ് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ മനസില്‍. അത് മുന്നില്‍ കണ്ട് വിക്രാന്തിലെ അതീവ സുരക്ഷാ കോറിഡോറില്‍ ഡോവല്‍ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ആ യോഗത്തില്‍ ഇന്ത്യയില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിനെ ഉന്മൂലനം ചെയ്യാനുള്ള തൻ്റെ പദ്ധതി ഡോവല്‍ വിവരിച്ചു.

തുടര്‍ന്ന് മുംബയിലേക്ക് തിരിച്ച ഡോവല്‍ അവിടെ വച്ചാണ് ആസൂത്രണങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയത്. ജമ്മു കാശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യാനും, ഉറിയിലെ സര്‍ജിക്കള്‍ സ്ട്രൈക്കിനും നടത്തിയ പ്ളാനിംഗുകള്‍ക്ക് സമാനമായിരുന്നു ‘ഓപ്പറേഷന്‍ ഒക്‌ടോപ്പസ്’ എന്ന് പേരിട്ട ഈ പദ്ധതിയും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഓരോ നീക്കവും ഡോവല്‍ അറിയിച്ചുകൊണ്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യത്തെ പ്രധാന ഇസ്ലാമിക നേതാക്കളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ ഡോവല്‍ നടത്തി എന്നും സൂചനയുണ്ട്. അവരില്‍ നിന്നും കൂടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ഓക്‌ടോപ്പസ് തീരുമാനിക്കപ്പെട്ടത്. എന്‍.ഐ.എ, ഇ.ഡി, ആന്റി ടെറര്‍ സ്ക്വാഡ് എന്നീ വിഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം ഉദ്യോഗസ്ഥരെയാണ് ഓപ്പറേഷന്‍ ഒക്‌ടോപ്പസിനായി തിരഞ്ഞെടുത്തത്.

പത്തോളം സംസ്ഥാനങ്ങളിലെ പൊലീസ് സേനയും ഇതിൻ്റെ ഭാഗമായി. 15 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് പോക്കറ്റുകളിലാണ് ഇവര്‍ വ്യാപക റെയ്‌ഡ്‌ നടത്തിയത്. നൂറുകണക്കിന് പി.എഫ്‌.എ നേതാക്കളെ അറസ്‌റ്റ് ചെയ്‌തു.

നേതാക്കളെ റാഞ്ചികൊണ്ടു പോകുന്നതിനായി എയര്‍ക്രാഫ്‌റ്റുകള്‍ വരെ ഡോവല്‍ തയ്യാറാക്കി നിറുത്തിയിരുന്നു എന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

24 മണിക്കൂറും ഓപ്പറേഷന്‍ നിയന്ത്രിച്ചുകൊണ്ട് കണ്ണും കാതും കൂര്‍പ്പിച്ച്‌ ഡോവല്‍ ഉണര്‍ന്നിരുന്നു. ഒരൊറ്റ ബുള്ളറ്റ് പോലും ഉപയോഗിക്കാതെ ആകണം ടാസ്‌ക് പൂര്‍ത്തീകരിക്കേണ്ടതെന്ന് ഡോവല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രത്യേകം നിര്‍ദേശവും നല്‍കിയിരുന്നതായും പറയപ്പെടുന്നു.

0Shares