
ഇന്ത്യയില്‍ മൂന്നിലൊന്ന് ആളുകളില്‍ (38 ശതമാനം) ഫാറ്റിലിവര്‍ / നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗം ബാധിച്ചതായി എയിംസ് പഠനം. മുതിര്‍ന്നവരില്‍ മാത്രമല്ല, 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആൻഡ് എക്സ്പിരിമെൻ്റെല്‍ ഹെപ്പറ്റോളജിയില്‍ പ്രദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ഭക്ഷണത്തിലെ പാശ്ചാത്യവല്‍ക്കരണമാണ് ഫാറ്റിലിവര്‍ അഥവാ ‘സ്റ്റെറ്റോഹെപ്പറ്റൈറ്റിസി’ന് പ്രധാന കാരണമായി ഡോക്‌ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്. ഫാസ്റ്റ് ഫുഡിൻ്റെ അമിത ഉപയോഗം, ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക, അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയും ഫാറ്റിലിവര്‍ ഉണ്ടാക്കും.

പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പോലെ തന്നെയാണ് ഈ രോഗവും. നിലവില്‍ ഫാറ്റിലിവറിന് മരുന്നില്ല. എന്നാല്‍ ഈ അവസ്ഥ മാറുന്നതാണെന്നും എയിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം തലവൻ ഡോ. അനൂപ് സരയ പറയുന്നു.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നത് മാത്രമാണ് രോഗത്തെ അകറ്റാനുള്ള വഴി. പൊണ്ണത്തടി ഉള്ളവര്‍ ശരിയായ ഭക്ഷണ രീതിയിലൂടെയും ഫാസ്റ്റ് ഫുഡ് ഒഴിവാക്കിയും മധുരം ചേര്‍ന്ന ഭക്ഷണം ഒഴിവാക്കിയും ശരീരഭാരം കുറയ്ക്കുന്നത് രോഗസാധ്യതയും കുറയ്ക്കും. ഇന്ത്യയില്‍ കരള്‍രോഗത്തിന് മദ്യപാനം ഒരു പ്രധാന കാരണമാണ്. മദ്യപാനികള്‍ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് എന്നിവ വരാം. ഇത് ക്രമേണ ലിവര്‍ കാൻസറിനും മരണത്തിനും കാരണമാകും.
എയിംസ് നടത്തിയ ഒരു പഠനത്തില്‍ ക്ഷയരോഗ മരുന്ന് കഴിച്ച രോഗികളില്‍ 67 ശതമാനം പേര്‍ കരളിന് ക്ഷതം സംഭവിച്ച് മരിച്ചതായി കണ്ടെത്തി. ഇവരില്‍ 60 ശതമാനവും ക്ഷയരോഗം ഉണ്ടെന്ന് ഉറപ്പിക്കാതെ സ്വയം മരുന്നു കഴിച്ചവരാണ്. സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ് ഡോ. സരയ പറയുന്നു.
ന്യൂഡല്‍ഹി എയിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം നടത്തിയ മറ്റൊരു പഠനത്തില്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ബാധിച്ച 30 ശതമാനം പേര്‍ക്ക് കരളിന് ഗുരുതരമായ ക്ഷതം ഉണ്ടായതായി കണ്ടു. 50 ശതമാനത്തിൽ അധികമായിരുന്നു ഇവരുടെ മരണനിരക്ക്. ശുദ്ധജലം മാത്രം ഉപയോഗിക്കുന്നു എന്നുറപ്പ് വരുത്തിയാല്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ തടയാൻ സാധിക്കും.
