
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര വർണാഭമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. സ്‌പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയായി. വാദ്യോപകരണമായ കൊമ്പ് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന്മാർക്ക് കൈമാറുന്നതോടെ വാദ്യമേളത്തിന് തുടക്കമായി. മന്ത്രിമാരായ വി ശിവൻകുട്ടി, ആൻ്റെണി രാജു, ജി.ആർ അനിൽ എന്നിവരും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓണസന്ദേശ പ്രസംഗം നടത്തി.
കേന്ദ്ര- സംസ്ഥാന സർക്കാർ, അർധ സർക്കാർ, സഹകരണ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയുടെ 60ഓളം ഫ്ലോട്ടുകൾ സാംസ്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ അണിനിരന്നു. വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. മൂവായിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുത്തു. വാദ്യഘോഷങ്ങൾക്കൊപ്പം കേരള പോലീസിൻ്റെ അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയെ പ്രൗഢഗംഭീരമാക്കി. പൂർണമായും ഹരിതചട്ടം പാലിച്ചു കൊണ്ടായിരിന്നു ഘോഷയാത്ര.
കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മൻകുടം എന്നിവ തനത് മേളങ്ങൾക്കൊപ്പം ആടിത്തിമിർത്തു. മേളങ്ങളിൽ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാണ്ടുമേളം തുടങ്ങി പെരുമ്പറ മേളം വരെ താളവിസ്മയം തീർത്തു. മുത്തുക്കുടയേന്തി കേരളീയ വേഷം ധരിച്ച പുരുഷന്മാർ, ഓലക്കുടയേന്തിയ മോഹിനിയാട്ട നർത്തകിമാർ എന്നിവരും അണിനിരക്കും. അണിമുറിയാതെ വേലകളി, ആലവട്ടം, വെൺചാമരം എന്നീ ദൃശ്യരൂപങ്ങളും ഉണ്ടായി.

കേരളത്തിലെ ഉത്സവ സാംസ്‌ക്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയിട്ടുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകത ആയിരുന്നു. ഒപ്പനയും മാർഗംകളിയും ദഫുമുട്ടും തിരുവാതിരകളിയും കോൽക്കളിയും കേരളത്തിൻ്റെ മതമൈത്രീ സംസ്‌ക്കാര പ്രതീകമായി നൃത്തം വെച്ചു. മയൂരനൃത്തം, പരുന്താട്ടം, ഗരുഡൻ പറവ, അർജുന നൃത്തം തുടങ്ങി കുമ്മാട്ടികളി വരെയുള്ള നാല് ഡസനോളം വൈവിധ്യമാർന്ന കേരളീയ കലാരൂപങ്ങളുമുണ്ടായിരുന്നു. പൊയ്ക്കാൽ കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശൽ, വള്ളുവനാടൻ കലാരൂപങ്ങൾ എന്നിവയും ഘോഷയാത്രയ്ക്ക് മിഴിവേകി.
ഒഡീഷ, രാജസ്ഥാൻ, ഗുജറാത്ത്, അസം, തമിഴ്‌നാട്, കർണ്ണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങളും അണിനിരന്നു. 180 ഓളം കലാകാരന്മാരാണ് ഇതിൻ്റെ ഭാഗമാകുന്നത്. ബോഡോ ഫോക്ക് ഡാൻസ്, ചാരി ഫോക്ക് ഡാൻസ്, ഡങ്കി, ബദായ് ഡാൻസ്, വീരഗേഡ് ഡാൻസ്, മയൂർ നാട്യ, ഡാസൽപുരി ഫോക്ക് ഡാൻസ്, തപ്പു ഡാൻസ്, ലാവണി നൃത്തം എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ ഘോഷയാത്രയിൽ ഉണ്ടായിരുന്നു.
വിവിധ വകുപ്പുകളുടെയും ഇതര സ്ഥാപനങ്ങളുടെയും വിഷയാധിഷ്ഠിത ഫ്ലോട്ടുകൾ ഉൾപ്പെടെ ഇരുന്നൂറോളം ദൃശ്യ- ശ്രവ്യ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മിഴിവേകി. സംസ്ഥാന സർക്കാരിൻ്റെ പ്രധാനപ്പെട്ട നാല് മിഷനുകൾ ഉൾപ്പെടുന്ന ഫ്ലോട്ടുകൾക്കൊപ്പം എല്ലാവർക്കും സാമൂഹിക സുരക്ഷ, വൈദ്യുത അപകട രഹിത കേരളം, ഫാം ടൂറിസം, പരിതസ്ഥിതി സംരക്ഷണം, അഴിമതി രഹിത കേരളം, മണ്ണ് സംരക്ഷണം, സ്ത്രീ സുരക്ഷയും ആരോഗ്യ ശീലങ്ങളും കേരളീയ പൈതൃകവും സാഹിത്യവും, സ്ത്രീ ശാക്തീകരണവും ശാസ്ത്ര സാങ്കേതിക വിദ്യയും വിവിധതരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്ലോട്ടുകളുടെ വിഷയങ്ങളായി.
