
തൃക്കരിപ്പൂർ / കാസർകോട്: ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഹരിതകർമ്മ സേന ഒരുക്കിയ ഓണസദ്യ ഒരുക്കി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. പൊതുവേ അലക്ഷ്യമായി കൈകാര്യം ചെയ്‌തുവരുന്ന മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാണ് എല്ലായിടത്തും. എന്നാൽ ഇതിൽ നിന്നൊക്കെ വിഭിന്നമാണ് തൃക്കരിപ്പൂരിലെ എം.സിഎഫ്. ആധുനിക രീതിയിലുള്ള ചിട്ടപ്പെടുത്തിയ കേന്ദ്രത്തിൽ വേണമെങ്കിൽ ഓണസദ്യയും ഒരുക്കാം എന്നാണ് തെളിയിച്ചത്.

മാലിന്യ സംസ്‌കരണ കേന്ദ്രത്തെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്‌ചപ്പാടിനെ മാറ്റിമറിക്കുന്ന പ്രവർത്തനമാണ് നടന്നത്. ഓണപ്പൂക്കളവും 150 ഓളം ആളുകൾക്ക് സദ്യയും ഒരുക്കി ഹരിതകർമ്മ സേന വിപുലമായി ഓണം ആഘോഷിച്ചത് സംസ്ഥാനത്ത് തന്നെ വ്യത്യസ്‌തതയും മാതൃകയുമായി.
കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ഐ.എ.എസ് ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന് ഗ്രാമപഞ്ചായത്തിലെ 39 ഹരിതകർമ്മ സേന അംഗങ്ങൾക്കും ഓണക്കോടിയും ബോണസും വിതരണം ചെയ്‌തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ അധ്യക്ഷനായി. കഴിഞ്ഞ ഒന്നര വർഷക്കാലം ഗ്രാമപഞ്ചായത്തുമായി കരാറിലേർപ്പെട്ട് അജൈവ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്‌ത തിരുവോണം ഇക്കോ ഇൻഡസ്ട്രീസിന് ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം നൽകി.
വൈസ്. പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.കെ ഹാഷിം, ശംസുദ്ധീൻ ആയിറ്റി, എം.സൗദ, സി.ഡി.എസ് ചെയർപേഴ്‌സൺ എം.മാലതി, തിരുവോണം ഇക്കോ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്റ്റർ ജെലീന മെർലിൻ ഇഗ്‌നേഷ്യസ്, നവകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി.വി ദേവരാജൻ, വി.ഇ.ഒ എസ്.കെ പ്രസൂൺ, രജിഷ കൃഷ്ണൻ, കെ.വി കാർത്യായനി, മറ്റ് വാർഡ് മെമ്പർമാർ, ഹരിതകർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, ഷീനകെ, എന്നിവർ സംബന്ധിച്ചു.
