
ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിൻ്റെ ഒമിക്രോൺ വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടർ യാത്രാവിലക്ക് ഏർപ്പെടുത്തിയ യു.കെയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത്. ഒമിക്രോൺ വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്‌സീ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യു.കെ അനാവശ്യമായ പരിഭ്രാന്തി പരത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ 10 ദിവസമായി തൻ്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയിൽ കിടക്കാതെ തന്നെ പൂർണ രോഗമുക്തി നേടിയെന്നും ഡോക്ടർ വാർത്ത ഏജൻസിയോട് ബി.ബി.സിയോട് പ്രതികരിച്ചു.

എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. യു.കെയിലും ഈ വകഭേദം നിലവിലുണ്ടാകാം. അവർ തിരിച്ചറിയാത്തതാണ്. അക്കാര്യം ഉറപ്പാണെന്നും ഡോക്ടർ ആംഗെലിക് അഭിമുഖത്തിൽ പറയുന്നു.
