
സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണിൻ്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഒമിക്രോൺ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ജനുവരി 10 മുതൽ മുതിർന്നവർക്കുള്ള കൊവിഡ് വാക്‌സീൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 15, 16, 17 വയസ് പ്രായമായ കുട്ടികൾക്ക് വാക്‌സീൻ നൽകുന്നതിനുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കും. വാക്‌സീൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മാതാപിതാക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങൾ ഒരുക്കും.
ഇത് സംബന്ധിച്ച് വകുപ്പുതലത്തിൽ ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിരുന്നുവെന്നും രജിസ്‌ട്രേഷനിൽ ഉൾപ്പെടാത്ത കുട്ടികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
