
പത്തനംതിട്ട: സ്‌കാനിംഗ് സെൻ്റെറില്‍ പരിശോധനക്ക് എത്തിയ യുവതി വസ്ത്രം മാറുന്ന നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതിക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം ചിതറ മടത്തറ നിധീഷ് ഭവനില്‍ എ.എന്‍ അന്‍ജിത്ത് (24) ആണ് സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതിന് അറസ്റ്റിലായത്. ഇയാള്‍ നേരത്തെയും ഇത്തരത്തില്‍ നിരവധി യുവതികളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചു. 22 ഓളം നഗ്‌ന ചിത്രങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത്.
ഇതിന് മുമ്പ് ജോലി ചെയ്ത സ്ഥലത്തും പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

യുവതിയുടെ സമയോചിത ഇടപെടലാണ് പ്രതിയെ കുടുക്കിയത്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപത്തെ സ്‌കാനിംഗ് സെൻ്റെറില്‍ കാലിൻ്റെ എം.ആര്‍.ഐ സ്‌കാന്‍ എടുക്കാനെത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
മുറിയിലെ അലമാരയ്‌ക്കുള്ളില്‍ അടുക്കിവെച്ച തുണികള്‍ക്ക് ഇടയിലായിരുന്നു ക്യാമറ ഓണാക്കി വെച്ചിരുന്നത്. വസ്ത്രം മാറുന്നതിനിടെ സംശയം തോന്നിയ യുവതി മുറി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. അപ്പോള്‍ തന്നെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് നീക്കിയ ശേഷം ഇക്കാര്യം നഗരസഭാ അദ്ധ്യക്ഷനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കാനാണ് പോലീസിൻ്റെ നീക്കം.
