
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിൻ്റെ വിയോഗം താങ്ങാൻ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.
അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിൻ്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിൻ്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്.
തെക്കേത്തല വറീതിൻ്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിൻ്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന് അഭിനയത്തില്‍ ഒരു കൈ പയറ്റാം എന്ന ധാരണയില്‍ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയാണ് തുടക്കം.
സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യന്‍ അന്തിക്കാടിൻ്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009-ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.

സ്‌കൂള്‍ പഠന കാലം മുതല്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇരിഞ്ഞാലക്കുടയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. 2014 മേയില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിൻ്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2013-ല്‍ തൊണ്ടയ്ക്ക് അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് ചികിത്സ തേടി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നര്‍മബോധത്തോടെയാണ് ഇന്നസെന്റ് ഓര്‍ത്തെടുത്തത്. ആ അനുഭവങ്ങള്‍ പ്രതിപാദിക്കുന്ന കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണു ചെലുത്തിയത്.
ഒട്ടേറെ പതിപ്പുകളുമായി കാന്‍സര്‍ വാര്‍ഡിലെ ചിരി ഇപ്പോഴും രോഗികള്‍ക്കും അല്ലാത്തവര്‍ക്കും പ്രചോദനമായി വില്‍പ്പനയിലുണ്ട്. മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ചിരിക്ക് പിന്നില്‍ (ആത്മകഥ), കാലൻ്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും രചിച്ചു.
