
കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ യോഗം ചേരുന്നുണ്ട്. നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല.
പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രസർക്കാർ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും വെല്ലുവിളികൾ നേരിടാൻ ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു.
കോവിഡ് അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് പറഞ്ഞ മന്ത്രി, പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
