നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയത് അവസാന മണിക്കൂറുകളിലും അരങ്ങേറിയ നാടകീയ നിയമ യുദ്ധങ്ങൾക്കൊടുവില്‍

  • Post category:news
  • Reading time:2 mins read
You are currently viewing നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയത് അവസാന മണിക്കൂറുകളിലും അരങ്ങേറിയ നാടകീയ നിയമ യുദ്ധങ്ങൾക്കൊടുവില്‍

രാജ്യം കാത്തിരുന്ന ആ വിധി ഇന്ന് നടപ്പായി. രാവിലെ 5.30 ന് തീഹാർ ജയിലിൽ പവൻ ജല്ലാദാണ് നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി ശിക്ഷ നടപ്പിലാക്കിയത്. നാല് കുറ്റവാളികളെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്. വിധി നടപ്പാക്കാൻ അവസാന മണിക്കൂറുകളിൽ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങൾ നടന്നിരുന്നു എന്നതാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്.

കുറ്റവാളികൾ എന്ന് തെളിഞ്ഞ മുകേഷ് കുമാർ സിംഗ്, അക്ഷയ് താക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത എന്നീ പ്രതികളുടെ വധശിക്ഷ ഇന്ന് പുലർച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പിലാക്കുകയായിരുന്നു. സുപ്രീംകോടതിയിൽ കുറ്റവാളികൾക്കായി സമർപ്പിക്കപ്പെട്ട അവസാന ഹർജിയും തള്ളിയതോടെ പുലർച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തീഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

പ്രതികളെ തൂക്കിലേറ്റാൻ ചുമതലയുള്ള ആരാച്ചാർ പവൻ കുമാറും ഈ യോഗത്തിൽ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി. ജയിൽ മാനുവൽ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാർ ജയിലധികൃതർ അറിയിച്ചിരുന്നു. പ്രത്യേകം സെല്ലുകളിലായിരുന്നു മുകേഷ് കുമാര്‍ സിങ് (32) പവന്‍ ഗുപ്ത (25) വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് (31) എന്നീ പ്രതികള്‍.

നാലുപേരും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. മുഴുവന്‍ സമയം ഉറങ്ങിയില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ചട്ടപ്രകാരം അവസാന ആഗ്രഹം ചോദിച്ചിരുന്നു. എന്നാല്‍ നാലുപേരും അറിയിച്ചില്ലെന്നാണ് തിഹാര്‍ ജയില്‍ ഡയറക്ടറുടെ വിശദീകരണം. പ്രാർത്ഥിക്കാനായി 10 മിനിറ്റ് നൽകുന്നതടക്കം എല്ലാ നടപടിക്രമങ്ങൾക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.

പുലർച്ചെ ആറ് മണിക്ക് തന്നെ മൃതദേഹങ്ങൾ കഴുമരത്തിൽ നിന്ന് നീക്കം ചെയ്തു. ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികള്‍ നടക്കുക. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്.

യു.പി ജയിലില്‍ അയ്യായിരം രൂപ മാത്രം മാസ ശമ്പളമുള്ള പവന് ഒരാളെ കഴുവേറ്റിയതിനു തിഹാര്‍ അധികൃതര്‍ നല്‍കുക ഇരുപത്തിഅയ്യായിരം രൂപയാണ്. നാല് പ്രതികളെ തൂക്കിലേറ്റിയതിന് ഒരു ലക്ഷം രൂപ ലഭിക്കും. ഈ പണംകൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് പവന്‍ ജല്ലാദിന്‍റെ ആഗ്രഹം.

0Shares