
കോഴിക്കോട്: ‘ബാപ്പയ്ക്കും വരനെുമൊപ്പം എൻ്റെ നിക്കാഹില്‍ പങ്കെടുത്തതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം. നിര്‍ണായക മുഹൂര്‍ത്തത്തില്‍ എൻ്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’- നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിയോടാണ് മണവാട്ടി ബഹ്ജ ദലീലയുടെ ചോദ്യം.
കഴിഞ്ഞ ആഴ്‌ച പേരാമ്പ്ര പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയില്‍ നടന്ന നിക്കാഹ് ചടങ്ങാണ് മതയാഥാസ്ഥിതിക വാദികളെ ചൊടിപ്പിച്ചത്. പെണ്‍കുട്ടി നിക്കാഹില്‍ പങ്കെടുത്തു എന്നതാണ് ഇവര്‍ കണ്ട തെറ്റ്. ഇതോടെ സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കി. വലിയ തെറ്റാണെന്നും ആവര്‍ത്തിക്കരുതെന്ന് താക്കീതും ചെയ്തു.

സിവില്‍ എന്‍ജിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായിട്ടായിരുന്നു എം.എസ്.ബ്ല്യു ബിരുദധാരിയായ ബഹിജയുടെ വിവാഹം. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണമെന്നും പെണ്‍കുട്ടി വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു. തുടര്‍ന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് അനുമതി നല്‍കിയത്. ജുമാ നമസ്കാരത്തിനും മറ്റും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള പള്ളിയാണിത്. വധുവിൻ്റെ കുടുംബത്തെ നേരില്‍ കണ്ട് വിശ്വാസ കാര്യങ്ങളില്‍ വീഴ്‌ചവരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളികമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
‘‘നിക്കാഹില്‍ വധുവിൻ്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം.

പരിഷ്‌കൃത ലോകത്തിൻ്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല’’- പെണ്‍കുട്ടിയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.
മഹല്ല് കമ്മിറ്റിയുടെ നിരുപാധികം മാപ്പ്
പള്ളിക്കുള്ളില്‍ പെണ്ണിനെ കയറ്റിയ സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ജമാ അത്തെ ഇസ്‌ലാമി മഹല്ല് കമ്മിറ്റി. പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലക്ക് അനുവാദം നല്‍കിയത് വലിയ വീഴ്‌ചയാണെന്നും മഹല്ല് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
പാലേരി പാറക്കടവ് ജുമാ മമസ്‌ജിദില്‍ നടന്ന വിവാഹ കര്‍മത്തിലാണ് വധുവും പങ്കെടുത്തത്. ഇതിനെതിരെ ജമാ അത്തെ ഇസ്‌ലാമി മതപണ്ഡിതര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പരസ്യമായി മഹല്ല് കമ്മറ്റി മാപ്പ് പറഞ്ഞത്. മസ്‍ജിദിലേക്കുള്ള പ്രവേശനാനുമതി ഏതെങ്കിലും പണ്ഡിതനില്‍ നിന്നോ, കമ്മിറ്റിയില്‍ നിന്നോ, കമ്മിറ്റി അംഗങ്ങളില്‍ നിന്നോ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വീഴ്‌ച പറ്റിയെന്ന് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി സമ്മതിച്ചുവെന്നും അത് കമ്മിറ്റി മുഖവിലക്കെടുന്നുവെന്നും പ്രസ്താവയില്‍ പറയുന്നു.

വടക്കുമ്പാട് ചെറുവക്കര ഖാസിമിൻ്റെ മകന്‍ ഫഹദ് ഖാസിയും കുറ്റിയാടി സ്വദേശി കെ.എസ്. ഉമ്മറിൻ്റെ മകള്‍ ബഹ്ജ ദലീലയും തമ്മിലുള്ള വിവാഹ കര്‍മമാണ് പള്ളിക്കുള്ളില്‍ നടന്നത്. വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു. മഹര്‍ വരനില്‍ നിന്ന് വേദിയില്‍ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു.
പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതിനാലാണ് വധുവിന് പ്രവേശനം നല്‍കിയതെന്ന് മഹല്ല് ജമാ അത്ത് ജനറല്‍ സെക്രട്ടറി ഇ.ജെ മുഹമ്മദ് നിയാസ് അന്ന് പറഞ്ഞത്. എന്നാല്‍, ഇതെല്ലാം ഇസ്ലാമിന് എതിരാണെന്നാണ് ജമാ അത്ത് നിലപാട് എടുത്തത്. നിക്കാഹിന് വരനും പിതാവുമായിരിക്കും മസ്‍ജിദിലുണ്ടാകുക. ഇസ്‌ലാമിക വിശ്വാസ പ്രകാരം മസ്‌ജിദില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതിയില്ല.
