
കാസർകോട്: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന സുഭിക്ഷ ഹോട്ടലുകൾ ജില്ലയിൽ കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ അഞ്ച് നിയോജകമണ്ഡലങ്ങളിലാണ് സുഭിക്ഷ ഹോട്ടലുകൾ തുടങ്ങേണ്ടത്. തൃക്കരിപ്പൂരിൽ ഹോട്ടലിനാവശ്യമായ കെട്ടിടം കണ്ടെത്തിക്കഴിഞ്ഞു. കുടുംബശ്രീ, സഹകരണ സംഘങ്ങളുമായി ചേർന്നാണ് ഹോട്ടലുകൾ പ്രവർത്തനം തുടങ്ങുന്നത്.

ബേഡഡുക്കയിൽ ജില്ലാ യുവജന സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടൽ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സഹകരണ ഇൻസ്‌പെക്ടർ യുവജന സഹകരണ സംഘം നോഡൽ ഓഫീസർ മനോജ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവൻ, കുറ്റിക്കോൽ അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്റ് എം അനന്തൻ, ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.തമ്പാൻ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം പി.ശ്രുതി സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ കെ.സജിമോൻ സ്വാഗതവും കാസർകോട് യുവജന സഹകരണ സംഘം പ്രസിഡന്റ് കെ.സുധീഷ് നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ നഗരസഭയുടെ നേതൃത്വത്തിൽ സുഭിക്ഷാ ഹോട്ടൽ നഗരസഭാ ചെയർപേഴ്‌സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ലത, പി.അഹമ്മദലി, കെ.വി സരസ്വതി, കെ.അനീശൻ, കെ.വി മായാകുമാരി, വാർഡ് കൗൺസിലർ വി.വി രമേശൻ സി.ഡി.എസ് ചെയർപേഴ്‌സൺ സൂര്യ ജാനകിസംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ കെ.വി ഉഷ നന്ദിയും പറഞ്ഞു.
