പ്രവാസികളെ ഞെട്ടിച്ച്‌ പുതിയ തട്ടിപ്പ്: ‘അബ്ഷീര്‍’ അകൗണ്ട് ഹാക്ക് ചെയ്ത് ലോണ്‍ എടുക്കും, വിവരമറിയുന്നത് കേസാകുമ്പോള്‍

You are currently viewing പ്രവാസികളെ ഞെട്ടിച്ച്‌ പുതിയ തട്ടിപ്പ്: ‘അബ്ഷീര്‍’ അകൗണ്ട് ഹാക്ക് ചെയ്ത് ലോണ്‍ എടുക്കും, വിവരമറിയുന്നത് കേസാകുമ്പോള്‍

ദമ്മാം: ‘അബ്ഷീര്‍’ ഹാക്ക് ചെയ്‌ത്‌ ആളുകളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച്‌ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പ എടുത്ത് വ്യാപക തട്ടിപ്പ്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് (ജവാസത്ത്) ഡയറക്ടറേറ്റിൻ്റെ ഓണ്‍ലൈന്‍ സര്‍വിസായ ‘അബ്ഷീറി’ല്‍ നിന്നാണെന്ന വ്യാജേന ഫോണ്‍ ചെയ്‌താണ് ഇഖാമ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തരപ്പെടുത്തുന്നത്.

ഇതുപയോഗിച്ച്‌ ‘അബ്ഷീറിലെ’ വ്യക്തിഗത അകൗണ്ട് ഹാക് ചെയ്യും. തുടര്‍ന്ന് ആ അകൗണ്ട് വഴി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പയെടുക്കും. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇരകളാവുന്നത്.

വായ്‌പ തിരിച്ചടച്ചില്ലെന്ന് പറഞ്ഞ് കേസാവുമ്പോള്‍ മാത്രമാണ് തങ്ങളുടെ പേരില്‍ വായ്‌പയുണ്ടെന്ന് അറിയുന്നത്. വന്‍ സാമ്പത്തിക ബാധ്യതയുടെ ഇത്തരം കേസുകളില്‍ കുടുങ്ങി യാത്രാവിലക്ക് നേരിടുകയാണ് പലരും. നാട്ടില്‍ പോകാന്‍ പോലുമാകാതെ അലയുകയാണ്. തികഞ്ഞ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇവരുടെ കെണിയില്‍ പെടാനുള്ള സാധ്യത ഏറെയാണ്. റാസ്തനൂറയിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന കൊല്ലം മടത്തറ ശിവന്‍മുക്ക് സ്വദേശി മാത്യു ജോണി ഇത്തരം തട്ടിപ്പിൻ്റെ ഇരയാണ്.

ജോലി സമയത്താണ് ജവാസത്തില്‍ നിന്നാണെന്ന വ്യാജേന ഫോണ്‍ വിളിയെത്തിയത്. സെന്‍സസ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഇഖാമ നമ്പര്‍ ചോദിച്ചു. ഫോണിലെത്തിയ ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നാതിരുന്ന മാത്യു അതെല്ലാം നല്‍കി. ഇതോടെ അബ്ഷീര്‍ വ്യക്തിഗത അകൗണ്ടിലുള്ള മുഴുവന്‍ വിവരങ്ങളും വിളിച്ചയാള്‍ ഇങ്ങോട്ട് പറഞ്ഞ് ഇതല്ലേ ശരി എന്ന് ചോദിച്ചു വിശ്വാസ്യത ഉറപ്പുവരുത്തി.

എന്നാല്‍ താന്‍ കബളിപ്പിക്കപ്പെട്ടു എന്നറിയുന്നത് പിന്നീടാണ്. രണ്ടര മണിക്കൂറോളം നേരം ഫോണിൻ്റെ ‘സിം’ ബ്ലോക്കായി. സൗദി ടെലികോം കമ്പനി (എസ്.ടി.സി)യുമായി ബന്ധപ്പെട്ടപ്പോള്‍ തൻ്റെ നമ്പര്‍ ആരോ ബ്ലോക്ക് ചെയ്യിച്ചതാണെന്ന് അറിഞ്ഞു. എസ്.ടി.സി പകരം സിം നല്‍കി പ്രശ്നം പരിഹരിച്ചു. ഒരു മാസത്തിന് ശേഷം ബാങ്കില്‍ നിന്ന് ഒരു ലോണെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് തൻ്റെ പേരില്‍ ഒരു ലോണ്‍ ബാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്. അന്ന് വിളിച്ചയാള്‍ ‘അബ്ഷീറി’ല്‍ നിന്ന് തൻ്റെ വിവരങ്ങളെല്ലാം ചോര്‍ത്തി ഇത്തരത്തില്‍ കുരുക്കുകള്‍ മുറുക്കിയെന്ന് അറിയുമ്പോഴേക്കും വലിയ കട ബാധ്യത തലയിലായി കഴിഞ്ഞിരുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണത്രെ താന്‍ അറിയാതെ തൻ്റെ പേരില്‍ 25,000 റിയാല്‍ വായ്‌പ എടുത്തിരിക്കുന്നത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വായ്‌പയുടെ ആദ്യ ഗഡു തിരിച്ചടവ് ആവശ്യപ്പെട്ട് ആ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അറിയിപ്പുണ്ടായി. കെണിയില്‍ പെട്ടെന്ന് മനസിലായതോടെ മാത്യു പൊലീസിനെ സമീപിച്ച്‌ കേസ് നല്‍കി.

അബ്ഷീര്‍ ഹാക് ചെയ്ത് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച്‌ മാത്യുവിൻ്റെ പേരില്‍ പ്രോമിസറി നോട്ട് തയാറാക്കി കൊടുത്താണ് തട്ടിപ്പുകാരന്‍ ലോണ്‍ എടുത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ആ സ്ഥാപനവും കോടതിയെ സമീപിച്ച്‌ മാത്യുവിനെതിരെ കേസ് നല്‍കി. 38,000 റിയാല്‍ തിരിച്ചടക്കാന്‍ കോടതി വിധിച്ചു. പണമടക്കാന്‍ അനുവദിച്ചിരുന്ന അഞ്ച് ദിവസം കഴിഞ്ഞതോടെ മാത്യുവിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

സൗദി വക്കീല്‍ മുഖാന്തിരം എതിര്‍ കേസുമായി മുന്നോട്ട് പോവുകയാണ് മാത്യു. ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തിനും സമാനമായ ഫോണ്‍ വിളിയെത്തിയപ്പോള്‍ അത് കെണിയാണെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്തി ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയും ഹാക് ചെയ്ത ‘അബ്ഷീര്‍’ അകൗണ്ട് തിരിച്ചുപിടിക്കാന്‍ കഴിയുകയും ചെയ്തു. എങ്കിലും ഹാക് ചെയ്യപ്പെട്ട ഒരു മണിക്കുര്‍ സമയമ ഉപയോഗിച്ച്‌ എന്ത് തട്ടിപ്പ് നടത്തിയെന്ന് ഇനി അറിയാനിരിക്കുന്നതേയുള്ളു.

അബ്ഷീര്‍ ഹാക് ചെയ്താല്‍ തട്ടിപ്പുകാര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി, പ്രോമസറി നോട്ട് തുടങ്ങിയ രേഖകള്‍ വ്യാജമായി നിര്‍മിച്ചെടുക്കാനാവും. കൂടാതെ വ്യാജമായി ഫോണ്‍ സിമ്മും എടുക്കാനാവും. ഇതോടെ ഏത് തരം കുരുക്കിലും പെടുത്താന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. നിരവധി പേര്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങി നാട്ടില്‍ പോകാനാകാതെ അലയുകയാണ്. നല്ല ജാഗ്രത പാലിച്ചില്ലെങ്കില്‍ ഏത് സമയത്തും കെണിയില്‍ പെടാം. പെട്ടുപോയി എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയും മൊബൈലില്‍ നിന്ന് 330330 എന്ന ടോള്‍ഫ്രീ നമ്പരിലേക്ക് സന്ദേശമയക്കുകയും വേണം.

0Shares