അപകടമുണ്ടായ നേപ്പാളിലെ പൊഖാറ വിമാനത്താവളം ചൈന നിര്‍മ്മിച്ചത്; ഉദ്ഘാടനം ചെയ്തത് 14 ദിവസം മുമ്പ്; ഉദ്ഘാടനത്തിന് മുമ്പുതന്നെ വിവാദവും

You are currently viewing അപകടമുണ്ടായ നേപ്പാളിലെ പൊഖാറ വിമാനത്താവളം ചൈന നിര്‍മ്മിച്ചത്; ഉദ്ഘാടനം ചെയ്തത് 14 ദിവസം മുമ്പ്; ഉദ്ഘാടനത്തിന് മുമ്പുതന്നെ വിവാദവും

ഞായറാഴ്ച യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ നേപ്പാളിലെ പൊഖാര അന്താരാഷ്ട്ര വിമാനത്താവളം നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ഉദ്ഘാടനം ചെയ്തത് രണ്ടാഴ്ച മുമ്പ് . ജനുവരി ഒന്നിന് ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച പ്രാദേശിക അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യവെ അന്താരാഷ്ട്ര മേഖലയുമായി പൊഖാറയുടെ ബന്ധം സ്ഥാപിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു.

പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം ചൈന-നേപ്പാള്‍ ബി.ആര്‍.ഐ സഹകരണത്തിൻ്റെ മുന്‍നിര പദ്ധതിയാണെന്ന് കാഠ്മണ്ഡുവിലെ ചൈനീസ് എംബസി ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനത്തിന് മുമ്പുതന്നെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.

ഇതുവരെ 67 പേരെങ്കിലും വിമാനാപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിലെ യെതി എയര്‍ലൈന്‍സ് നടത്തുന്ന ഇരട്ട എഞ്ചിന്‍ എ.ടി.ആര്‍ 72 വിമാനത്തില്‍ നാല് ജീവനക്കാരും 5 ഇന്ത്യക്കാരും 10 വിദേശ പൗരന്മാരും ഉള്‍പ്പെടെ 72 പേര്‍ ഉണ്ടായിരുന്നുവെന്ന് എയര്‍ലൈന്‍ വക്താവ് സുദര്‍ശന്‍ ബര്‍തൗള പറഞ്ഞു.

വിമാനാപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പര്‍വതങ്ങളില്‍ എട്ടെണ്ണത്താല്‍ ചുറ്റപ്പെട്ട നേപ്പാളില്‍ കാലാവസ്ഥ പെട്ടെന്ന് മാറുകയും അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍ വിമാനാപകടങ്ങള്‍ അസാധാരണമല്ല. അതേസമയം ഞായറാഴ്ച നേപ്പാളില്‍ തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ അപകടത്തിന് കാലാവസ്ഥ കാരണമല്ലെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് പറയുന്നു.

0Shares