
ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ പരിപാടി ഉദ്‌ഘാടനം ചെയ്തു. നാനാ ജാതി വർഗ വർണങ്ങളെ ഒരുമിപ്പിക്കുന്ന വേദിയാണ് കലോത്സവം. ആത്മ സംഘർഷങ്ങളെ ഇല്ലാതാക്കി മനസ്സിനെ ശുദ്ധികരിക്കാൻ കല- കായിക മത്സരങ്ങൾക്ക് സാധിക്കുന്നു. വിദ്യാലയത്തിൻ്റെ ഉത്സവമാണ് കല – കായിക മത്സരങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. പലരും കഞ്ചാവ് മയക്ക് മരുന്ന് പോലുള്ള ലഹരിക്ക് അടിമപ്പെട്ട് നശിച്ച് പോകുന്നുണ്ട്. അതിനാൽ കലാ- കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിച്ച് പുതു തലമുറയെ കലയുടെയും കായിക മത്സരങ്ങളുടെയും ലഹരിയിലേക്ക് ആകർഷിക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളിൽ നടക്കുന്ന ഇത്തരം മത്സരങ്ങൾ ആവേശത്തോടെ എടുത്ത് സ്കൂൾ ജീവിതത്തിന് ശേഷവും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. സർക്കാർ അതിനായി പല വേദികളും ഒരുക്കുന്നുടെന്നും അദ്ദേഹം പറഞ്ഞു. വൈരാഗ്യവും അസൂയയും അക്രമവും ഇല്ലാത്ത, നല്ല മനസ്സ് സൃഷ്ടിക്കാൻ വിദ്യാർത്ഥികൾക്കാകണം. മാത്രവുമല്ല ജയവും തോൽവിയും ഉൾക്കൊണ്ട് അംഗീകരിച്ച് മുന്നോട്ട് പോകാനാവണം. തോൽവി ഒരിക്കലും അവസാനമല്ല, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ് എന്നത് വിദ്യാർത്ഥികളെ ഞാൻ ഓർമ്മിപ്പിക്കുന്നതായ് അദ്ദേഹം കൂട്ടിച്ചേർത്തു.



പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം, നാടൻപാട്ട് കലാകാരനും ആർട്സ് ട്രെയ്‌നറുമായ ഉദയൻ കുണ്ടംകുഴി പരിപാടിയിൽ മുഖ്യാഥിതിയായി പങ്കടുത്തു. തൻ്റെ കുട്ടിക്കാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ച അദ്ദേഹം കുട്ടികൾക്കായി നാടൻപാട്ട് ആലപിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് സലാം ചെർക്കള, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പുരുഷോത്തമൻ നായർ, എ ആയിഷ പൊവ്വൽ, ഹുസൈൻ ബേർക്ക, ഇബ്രാഹിം കൊയർകൊച്ചി, സുജാത ടീച്ചർ, ഏലിയാമ്മ ടീച്ചർ, പിങ്കലാക്ഷി ടീച്ചർ, ജയരാജൻ മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ഗോപിദാസ് മാസ്റ്റർ നന്ദി പറഞ്ഞു.
