
കൊല്ലം / ന്യൂഡെൽഹി: നീറ്റ് പരീക്ഷയ്‌ക്കിടെ അപമാനിക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. വീണ്ടും പരീക്ഷ നടത്തുമെന്ന് കാണിച്ചുള്ള ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് കിട്ടിയതായി രക്ഷിതാക്കള്‍ പറഞ്ഞു.
സെപ്തംബര്‍ നാലിന് പരീക്ഷ നടത്തുമെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെയാണ് പരിശോധനയുടെ പേരില്‍ അപമാനിച്ചത്. ഈ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വീണ്ടും പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് നടത്തുന്ന സ്‌കാനിംഗിനിടെ പെണ്‍കുട്ടികളുടെ ഉള്‍വസ്ത്രത്തില്‍ ലോഹ ഹൂക്ക് ഉണ്ടെന്ന വിചിത്രമായ കാരണം പറഞ്ഞ് അത് ഊരി മാറ്റിച്ച ശേഷമാണ് പരീക്ഷയെഴുതിച്ചത്. സംഭവം വന്‍ വിവാദമായതോടെ പാര്‍ലമെണ്ടിലടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംഭവം വിവാദമായതോടെ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അന്വേഷണ കമ്മീഷനെ വച്ചിരുന്നു. വിദ്യാര്‍ത്ഥിനികളുടെ മൊഴിയടക്കം കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞില്ലെന്നും വീണ്ടും അവസരം നല്‍കണമെന്നും വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിരുന്നു.
