
മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കി എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഇന്ത്യയിലൊന്നാകെ എൻ.സി.ഇ.ആർ.ടി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഈ മാറ്റം ബാധകമായിരിക്കും. 12-ാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി -പാർട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്സ് ആന്റ് ക്രേണിക്ൾസ്; ദി മുഗൾ കോർട്സ്’ എന്ന അധ്യായമാണ് പ്രധാനമായും ഒഴിവാക്കിയത്.
ഇതുകൂടാതെ ഹിന്ദി പാഠപുസ്തകങ്ങളിൽ നിന്ന് ചില കവിതകളും ഒഴിവാക്കിയിട്ടുണ്ട്. 12-ാം ക്ലാസ് സിവിക്‌സ് പുസ്തകത്തിൽ നിന്നും അമേരിക്കൻ ഹെഗിമണി ഇൻ വോൾഡ് പൊളിറ്റിക്സ്, ദി കോൾഡ് വാർ ഈറ എന്നീ രണ്ട് അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്. 12-ാം ക്ലാസിലെ ‘ഇന്ത്യൻ പൊളിറ്റിക്‌സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ എന്ന പാഠപുസ്തകത്തിൽ നിന്ന് രണ്ടു അധ്യായങ്ങളാണ് ഒഴിവാക്കിയത്.

‘റൈസ് ഓഫ് പോപ്പുലർ മൂവ്മെന്റ്സ് ഇൻ ഇന്ത്യ’,‘ഈറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നിവയാണ് നീക്കം ചെയ്തത്. 10, 11 ക്ലാസുകളിലെ പാഠ പുസ്തകങ്ങളിൽ നിന്ന് ‘ഡിമോക്രസി ആന്റ് ഡൈവേഴ്സിറ്റി’, ‘പോപുലർ സ്ട്രഗ്ൾസ് ആന്റ് മൂവ്മെന്‍റ്സ്’, ‘ചാലഞ്ചസ് ഓഫ് ഡിമോക്രസി’ എന്നീ പാഠ ഭാഗങ്ങളും, പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തിലെ ‘സെൻട്രൽ ഇസ് ലാമിക് ലാൻഡ്സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്സ്’, ‘ഇൻഡസ്ട്രിയൽ റെവല്യൂഷൻ’ എന്നീ അധ്യായങ്ങളും ഒഴിവാക്കി. 2023-2024 അധ്യായന വർഷം മുതൽ പാഠപുസ്തകങ്ങളിലെ പരിഷ്കാരം നടപ്പാക്കുമെന്ന് എൻ.സി.ഇ.ആർ.ടി അറിയിച്ചു.
