ദേശീയ പുരസ്‌കാരം നേടിയ ‘കടൈസി വിവസായി’ യിലെ നടി മകൻ്റെ അടിയേറ്റ് മരിച്ചു, സിനിമാ ലോകം അന്ത്യാഞ്ജലി അർപ്പിച്ചു

You are currently viewing ദേശീയ പുരസ്‌കാരം നേടിയ ‘കടൈസി വിവസായി’ യിലെ നടി മകൻ്റെ അടിയേറ്റ് മരിച്ചു, സിനിമാ ലോകം അന്ത്യാഞ്ജലി അർപ്പിച്ചു

മധുര: ദേശീയ പുരസ്‌കാരം നേടിയ ‘കടൈസി വിവസായി’ എന്ന സിനിമയില്‍ അഭിനയിച്ച കാസമ്മാള്‍ (71) മകൻ്റെ അടിയേറ്റ് മരിച്ചു. മകൻ നാമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്‌തു. മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണം ചോദിച്ച്‌ വഴക്കിടുന്നതിനിടയില്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തല്‍ക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ബാല്‍സാമി- കാസമ്മാള്‍ ദമ്പതിമാർക്ക് നാമക്കൊടി, താണിക്കൊടി എന്നീ രണ്ട് മക്കളാണുള്ളത്. നാമകോടി ഭാര്യയുമായി വേർപിരിഞ്ഞ് കഴിഞ്ഞ 15 വർഷമായി കാസമ്മളിന് ഒപ്പമായിരുന്നു താമസം.

മദ്യത്തിന് അടിമയായിരുന്ന നാമകോടി കാസമ്മളുമായി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു.

ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാസമ്മയെ വിളിച്ചുണർത്തി പതിവുപോലെ മദ്യം കുടിക്കാൻ പണം ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ച കാസമ്മാളിനെ മകൻ തലയ്ക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാസമ്മാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85കാരനും പ്രധാന വേഷം കൈകാര്യം ചെയ്‌ത ‘കടൈസി വിവസായി’ യില്‍ ഒട്ടേറെ ഗ്രാമീണർ അഭിനയിച്ചിരുന്നു. വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ചതാണ് കാസമ്മാള്‍.

0Shares