
സി.പി.എം രൂപീകരണത്തിന് ശേഷം വി.എസ് അച്യുതാനന്ദൻ ഒഴികെയുള്ള എല്ലാ സെക്രട്ടറിമാരും കണ്ണൂരിൽ നിന്നുള്ളവരായിരുന്നു. ആദ്യ സെക്രട്ടറി സി.എച്ച് കണാരൻ, പിന്നെ ഇ. കെ നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപ്പോൾ എം. വി ഗോവിന്ദൻ. എം. വി ഗോവിന്ദന്‍ സെക്രട്ടറിയായതോടെ ചരിത്രം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
സംസ്ഥാന സെക്രട്ടറി ഒരു സാഹചര്യത്തിലും മന്ത്രിയായി തുടരില്ല. അതുകൊണ്ട് അദ്ദേഹം രാജിവെയ്ക്കും. 1998 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ , ഇ. കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു പിണറായി വിജയന്‍.ആ സ്ഥാനം രാജിവെച്ചാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്. സി.പി.എമ്മിൻ്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാലം സെക്രട്ടറിയായി പിണറായി വിജയന്‍ മാറിയതിൻ്റെ തുടക്കം അങ്ങനെയായിരുന്നു.ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്ന് രാജിവെച്ച് എം. വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ ചരിത്രം ആ രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നു.

1970 ലാണ് കായികാധ്യാപകൻ കൂടിയായ എം. വി ഗോവിന്ദൻ പാര്‍ട്ടി അംഗമായത്. അടിയന്തരാവസ്ഥ കാലത്ത് സി.പി.എം നേതാക്കള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് ഗോവിന്ദനും ജയിലിടക്കപ്പെട്ടു. 1991 ലാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയ ഗോവിന്ദന്‍ 2006 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേന്ദ്രകമ്മിറ്റിയിലുമെത്തി.കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ നിലനിന്ന 2002 കാലഘട്ടത്തില്‍ സി.പി.എമ്മിൻ്റെ ജില്ലാ സെക്രട്ടറിയായി.
തളിപ്പറമ്പ് മണ്ഡലത്തില്‍നിന്ന് 1996 ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗോവിന്ദൻ പാര്‍ലമെന്ററി രംഗത്തെത്തുന്നത്. പിന്നീട് 2001 ലും 21 ലുമാണ് അദ്ദേഹം എം.എൽ.എയാകുന്നത്. പാര്‍ലമെന്ററി രംഗത്തുള്ളതിനെക്കാള്‍ കൂടുതല്‍ കാലം സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച അനുഭവത്തിൻ്റെ കരുത്തുമായാണ് എം. വി ഗോവിന്ദന്‍ സി.പി.എമ്മിൻ്റെ അമരത്ത് എത്തുന്നത്.
