
മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റും കാസർകോട് നഗരസഭ മുൻ ചെയർമാനുമായ ടി.ഇ. അബ്ദുല്ല (74) അന്തരിച്ചു. മുൻ എം.എൽ.എ പരേതനായ ടി.എ ഇബ്രാഹിമിൻ്റെയും സൈനബബിയുടെയും മകനായി 1957 മാർച്ച് 18ന് തളങ്കര കടവത്താണ് ജനനം.
എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. അർബുദ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മരണ സമയം ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന ലീഗ് നേതാക്കൾ ആശുപത്രിയിൽ എത്തി കൊണ്ടിരിക്കുകയാണ്.

ദു:ഖ സൂചകമായി മുസ്‌ലിം ലീഗ് മൂന്ന് ദിവസത്തെ മുഴുവൻ പരിപാടികളും മാറ്റി വെച്ചതായി അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് മയ്യത്ത് തളങ്കര മാലിക് ദീനാർ വലിയ പള്ളി പരിസരത്ത് ഖബറടക്കും.
പതിവായുള്ള പരിശോധനയ്ക്കായി ജനുവരി 18ന് ആശുപത്രിയിലെത്തിയ ടി. ഇ അബ്ദുള്ളയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തിരുന്നു. രക്തം ഛര്‍ദിച്ച് നില ഗുരുതരമായതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഒന്നര മാസം മുമ്പ് ട്രെയിനില്‍ കൊച്ചിയിലേക്ക് പോകുന്നതിനിടെ കോഴിക്കോട്ടെത്തുന്നതിന് മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് ടി. ഇ അബ്ദുല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങളോളം നീണ്ട ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ച് നാട്ടില്‍ തിരികെ എത്തുകയും പ്രധാന പൊതുപരിപാടികളിലും പങ്കെടുക്കുകയും ചെയ്തതാണ്.
