
ഫോണ്‍ വിളി വിവാദത്തില്‍ വീണ്ടും കുടുങ്ങി കൊല്ലം എം.എല്‍.എ മുകേഷ്. പാലക്കാട് നിന്ന് ഫോണ്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. മുകേഷ് കുട്ടിയോട് കയര്‍ക്കുന്നതിന്‍റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്.
അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്‍റെ കയ്യില്‍ നിന്ന് നമ്പര്‍ വാങ്ങി വിളിച്ച വിദ്യാര്‍ത്ഥിയോട് എം.എല്‍.എ കയര്‍ത്ത് സംസാരിക്കുന്നതും നമ്പര്‍ തന്ന കൂട്ടുകാരനെ ചെവിക്കുറ്റി നോക്കി അടിക്കണമെന്ന് പറയുന്നതും ശബ്ദ രേഖയില്‍ കേള്‍ക്കാം. കുട്ടിയോട് ദേഷ്യത്തില്‍ കയര്‍ത്ത് സംസാരിച്ച മുകേഷ് എന്തിനാണ് വിളിച്ചതെന്ന് അന്വേഷിക്കുന്നില്ല. ആറ് തവണയൊക്കെ എന്തിനാണ് വിളിക്കുന്നത് എന്ന് ചോദിച്ചാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ക്കുന്നത്.

പാലക്കാട്ട് നിന്ന് കൊല്ലം എം.എല്‍.എ വിളിക്കേണ്ട ഒരു കാര്യവുമില്ല, പാലക്കാട്ടെ കാര്യം പാലക്കാട്ട് എം.എല്‍.എയെ അല്ലെ വിളിച്ചുപറയേണ്ടത്, വിദ്യാര്‍ത്ഥിയായാലും എന്തായാലും പാലക്കാട് എം.എല്‍.എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ, കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്‍റെ ചെവികുറ്റി നോക്കി അടിക്കണം. അവന്‍റെ മണ്ഡലത്തിലെ എം.എല്‍.എയുടെ നമ്പര്‍ തരാതെ വേറേതൊരു രാജ്യത്തെ എം.എല്‍.എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്, നിങ്ങള്‍ സ്വന്തം എം.എല്‍.എയെ വിളിച്ച് അവര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ടേ എന്നെ വിളിക്കാവു.
സ്വന്തം എം.എല്‍.എ മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്, പിള്ളേര്‍ കളിയാണല്ലോ ഇത് എന്നൊക്കെ പറഞ്ഞാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ക്കുന്നത്. വിദ്യാര്‍ത്ഥി സോറി പറയുമ്പോഴും മുകേഷ് കയര്‍ത്താണ് സംസാരിക്കുന്നത്.
