Categories
entertainment

വേര്‍പിരിയുന്നത് പരസ്പര ധാരണയിലെടുത്ത തീരുമാനം; വിവാഹമോചനം വിവാദമാക്കേണ്ടെന്ന് മേതില്‍ ദേവിക

ഞാന്‍ പറയുന്ന രീതിയില്‍ പല കഥകളും സോഷ്യല്‍ മീഡിയയിലൊക്കെ വരുന്നുണ്ട്. ഞാന്‍ മുകേഷേട്ടനെ വിമര്‍ശിച്ചിട്ടില്ല. എനിക്ക് അതിന്‍റെ ആവശ്യവും ഇല്ല.

മുകേഷുമായി വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. ലീഗല്‍ നോട്ടീസ് അയച്ചുവെന്നും മേതില്‍ ദേവിക പറഞ്ഞു. ‘ലീഗല്‍ നോട്ടീസ് കൊടുത്തു എന്നത് സത്യമാണ്. മറ്റുകാര്യങ്ങളിലൊക്കെ തീരുമാനമായി വരുന്നതേയുള്ളു. ഇതൊന്നും അസാധാരണമായ കാര്യങ്ങളൊന്നും അല്ല.

‘എല്ലാ കുടുംബങ്ങളിലുമുണ്ടാകുന്നത് പോലെയുള്ള ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ആദര്‍ശങ്ങളിലും വ്യത്യാസമുണ്ട്. വ്യക്തിപരമായ കാര്യമാണ്. പ്രത്യേകിച്ചും മുകേഷ് രാഷ്ട്രീയത്തില്‍ കൂടിയുള്ള ആള്‍ കൂടി ആയതുകൊണ്ട് സമാധാനത്തില്‍ ഇത് തീരുമെന്നാണ് കരുതുന്നത്.

ഞാന്‍ പറയുന്ന രീതിയില്‍ പല കഥകളും സോഷ്യല്‍ മീഡിയയിലൊക്കെ വരുന്നുണ്ട്. ഞാന്‍ മുകേഷേട്ടനെ വിമര്‍ശിച്ചിട്ടില്ല. എനിക്ക് അതിന്‍റെ ആവശ്യവും ഇല്ല. അദ്ദേഹം ഒരു മോശപ്പെട്ട വ്യക്തിയാണ് എന്നൊന്നുമല്ല ലീഗല്‍ നോട്ടീസ് അയച്ചു എന്നതിന്‍റെ അര്‍ത്ഥം. കലാരംഗത്ത് നില്‍ക്കുന്നയാളാണ് ഞാനും അതിനെയും ഇത് ബാധിക്കരുത് എന്നാണ് എന്‍റെ അഭിപ്രായം,’ മേതില്‍ ദേവിക പറഞ്ഞു.

എനിക്ക് ഈ ബന്ധത്തിലെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് തന്നെയാണ് ഞാന്‍ ലീഗല്‍ നോട്ടീസില്‍ എഴുതിയിരിക്കുന്നത്. പക്ഷെ ഇത് എന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പീഡനം എന്നൊക്കെ പറയുന്നതിന് പല പല തലങ്ങളുണ്ടല്ലോ. അങ്ങനത്തെ വാര്‍ത്തകളിലൊന്നും പ്രതികരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. വളരെ സൗഹാര്‍ദ്ദത്തോടെ പിരിയാം എന്നൊരു നിയമപരമായ തീരുമാനം ആണത്.’ അല്ലാതെ അടിയും പിടിയും മിണ്ടാതിരിക്കലും ഒന്നുമല്ലെന്നും മേതില്‍ പറഞ്ഞു.

ബന്ധം വേര്‍പെടുത്തല്‍ എന്ന് പറയുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്നും എന്നാല്‍ തീരുമാനം മോശമാണെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുകേഷുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മേതില്‍ ദേവിക ഗാര്‍ഹിക പീഡനം നേരിടേണ്ടി വന്നുവെന്നടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി ഇവര്‍ രംഗത്തെത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest