
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിന് സഹകരണ സൊസൈറ്റിയുടെ ജനറല്‍ബോഡി യോഗം വിളിക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്ന വിധി സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ മുന്‍ എം.എല്‍.എ. കെ.ശിവദാസന്‍ നായര്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ശിവദാസന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം.ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേരള സഹകരണ സൊസൈറ്റി നിയമത്തിലെ 30 (3) വകുപ്പ് പ്രകാരം സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്.

എന്നാല്‍ ഇങ്ങനെ ചേരുന്ന യോഗത്തില്‍ സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മാത്രമേ ചര്‍ച്ചചെയ്യാന്‍ പാടുള്ളു എന്ന് ശിവദാസന്‍ നായര്‍ ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രന്‍, അഭിഭാഷകന്‍ പി.എസ്. സുധീര്‍ എന്നിവര്‍ വാദിച്ചു. അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാന്‍ രജിസ്ട്രാര്‍ വിളിച്ചുചേര്‍ക്കുന്ന ജനറല്‍ബോഡി യോഗത്തിന് അധികാരം ഇല്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.
പൊതുയോഗം വിളിച്ചുചേര്‍ത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കിയ സഹകരണ രജിസ്ട്രാറുടെ നടപടിയില്‍ അപാകതയില്ലെന്ന് നേരത്തെ ഹൈക്കോടതിയും വിധിച്ചിരുന്നു. പൊതുയോഗത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ അധികാരമുണ്ട്. ഇക്കാര്യം ബാങ്കിൻ്റെ നിയമാവലിയില്‍ വ്യക്തമാണന്ന് ഹൈക്കോടതി തങ്ങളുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അവിശ്വാസം പാസ്സായതിനെ തുടര്‍ന്ന് സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
