
കാറഡുക്ക / കാസർകോട്: അത്യുഷ്‌ണത്തിൽ വേദികളിൽ ആടിതീർത്ത് കുട്ടികൾ തളർന്നു വീണു. ശനിയാഴ്‌ച ആറുമണി വരെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത 54 കുട്ടികളാണ് ശാരീരിക അസ്വസ്ഥതകൾ കാരണം പ്രാഥമിക ചികിത്സ തേടിയത്. ജില്ലാ കലോത്സവത്തിന് ആരോഗ്യ വകുപ്പ് കാര്യക്ഷമമായ സംവിധാനമാണ് ഒരുക്കിയത്.
കൂടുതൽ പേർക്കും തളർച്ചയും ഛർദ്ദിയും ചെറിയ മുറിവുകളുമാണ് സംഭവിച്ചത്. പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ എല്ലാ മരുന്നുകളും മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. റോജൻ ജോസഫിൻ്റെ നേതൃത്വത്തിൽ എത്തിച്ചിരുന്നു.
മത്സരാർത്ഥികളെ കൂടാതെ കാണികളായെത്തിയ കുഞ്ഞുങ്ങൾ, സ്ത്രീകൾ, വയോധികർ, നാട്ടുകാർ എന്നിവരും ചികിത്സ തേടിയതായി മുളിയാർ ഗവൺമെണ്ട് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ ചാനൽ ആർ.ബിയോട് പറഞ്ഞു.

എല്ലാ ദിവസങ്ങളിലും മുന്ന് ആംബുലൻസുകൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിരുന്നു. പൊതുജനാരോഗ്യം കാര്യക്ഷമം ആക്കുന്നതിനായി കൂട്ടായ പ്രവർത്തത്തിൽ കഴിഞ്ഞുവെന്ന് കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജാഫർ.ടി പറഞ്ഞു. രാവിലെ ഒമ്പത് മുതൽ പ്രോഗ്രാം കഴിയുന്ന പാതിരാത്രി വരെ മെഡിക്കൽ സേവനം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റണ്ട് രാംദാസ് ടി.വി കലോത്സവ നഗരിയിലും പരിസരങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലും ചന്തകളിലും പരിശോധനകൾ നടത്താൻ നേതൃത്വം നൽകി. ആംബുലൻസ് ഡ്രൈവർമാരും നിതാന്ത ജാഗ്രതയിൽ ആയിരുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാവർക്കർമാരും എല്ലാ ദിവസവും കർമ്മനിരതരായി പ്രവർത്തിച്ചത് ജില്ലയിലെ ആരോഗ്യ മേഖലയുടെ നേട്ടം തന്നെയാണ്.
Report: Peethambaran Kuttikol
