
യൂട്യൂബില്‍ രണ്ടു കോടി സബ്സ്ക്രൈബേഴ്‌സ് എന്ന നേട്ടം കൈവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലോക നേതാവാണ്. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ ഇതുവരെ 23,000 വിഡിയോകളാണ് അപ്ലോഡ് ചെയ്‌തിരിക്കുന്നത്. മുൻ ബ്രസീല്‍ പ്രസിഡണ്ട് ജയര്‍ ബോല്‍സനാരോയാണ് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്‌സ് ഉള്ള ലോക നേതാക്കളില്‍ രണ്ടാം സ്ഥാനത്ത്.
60.44 ലക്ഷം മാത്രമാണ് സബ്സ്ക്രൈബേഴ്‌സ്. മെക്സികോ പ്രസിഡണ്ട് ആന്ദ്രെസ് മാനുവല്‍ ലോപെസ് (40.12 ലക്ഷം), ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോകോ വിദോദോ (30.24 ലക്ഷം) എന്നീ നേതാക്കളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

വൈറ്റ് ഹൗസിന്‍റെ പേരിലുള്ള യൂട്യൂബ് ചാനലില്‍ 20.06 ലക്ഷവും യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍റെ യൂട്യൂബ് ചാനലില്‍ എട്ടു ലക്ഷവുമാണ് സബ്സ്ക്രൈബേഴ്‌സ്.
ഇന്ത്യൻ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് മോദിയുടെ പിന്നില്‍ രണ്ടാമതുള്ളത്. 30.51 ലക്ഷം സബ്സ്ക്രൈബേഴ്‌സ്. ശശി തരൂര്‍ (6.11 ലക്ഷം), ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ (ആറുലക്ഷം) എന്നിവരാണ് തൊട്ടടുത്ത് പിന്നിലുള്ളത്.
