
കാസർകോട്: ജനറൽ ആശുപത്രിയിൽ ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ച് പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. എൽ.എ നെല്ലിക്കുന്ന് എം.എൽ.എയാണ് ആസ്തി വികസന നിധിയിൽ നിന്ന് മെച്ചപ്പെട്ട സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയുള്ള മോർച്ചറിക്ക് തുക അനുവദിച്ചത്.
കേരളത്തിൽ രാത്രികാല പോസ്റ്റ്മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. നിയമസഭയിലും ഹൈക്കോടതിയിലും എൻ.എ നെല്ലിക്കുന്ന് നടത്തിയ പോരാട്ടത്തിൻ്റെ ഫലമാണിത്.

പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് പ്രവൃത്തിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. സാങ്കേതികാനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടർ നടപടിലേക്ക് പോകും.
ഓട്ടോപ്‌സി റൂം, കോൾഡ് റൂം, ഇൻക്വസ്റ്റ് റൂം, ആമ്പുലൻസ് ബേ, പബ്ളിക് വെയ്റ്റിംഗ് ഏരിയ, സ്റ്റോർ റൂം, ഡോക്ടേഴ്‌സ് റൂം, സ്റ്റാഫ് റൂം, തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ മോർച്ചറി കെട്ടിടത്തിൽ ഉദ്ദേശിക്കുന്നതെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
