
തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോര്ജ്. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാന് ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നല്കിയിട്ടുണ്ട്. ട്രെന്ഡ് നിരന്തരം വിലയിരുത്തി വരുന്നു. ഐ.എൽ.ഐ, എസ്.എ.ആർ.ഐ എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരുന്നു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിൻ്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നല്കി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകൾ വഴി അവബോധം നല്കാനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയിൽ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആഗോള തലത്തിൽ തന്നെ ഈയൊരു ഇമ്മ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. സ്‌കൂളുകൾ അടഞ്ഞു കിടന്ന സമയത്ത് കുട്ടികൾക്ക് മറ്റുള്ളവരുമായി സമ്പർക്കമില്ലാത്തതിനാൽ പൊതുവേ അസുഖം കുറവായിരുന്നു.

അതിനാൽ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ ശേഷിയും കുറഞ്ഞു. എന്നാൽ അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോൾ വീണ്ടും അണുക്കളുമായി കൂടുതൽ സമ്പർക്കം വരാം. ഒരു കുട്ടിയ്ക്ക് അസുഖം വന്നാൽ മറ്റുള്ളവരിലേക്ക് പകരാൻ വളരെ എളുപ്പമാണ്. വളരെ ചെറുതായി അസുഖം വന്നാലും കൂടാനും നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ശ്വാസകോശ അണുബാധ ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ അപായ സൂചനകൽ കണ്ടാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.
അപായ സൂചനകൾ
ശ്വാസംമുട്ടൽ, കഫത്തിൽ രക്തം, അസാധാരണ മയക്കം, തളർച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകൽ കണ്ടാൽ ഉടൻ തന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.
ശ്വാസമെടുപ്പ് ശ്രദ്ധിക്കണം
ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ട് മാസത്തിന് താഴെയുള്ള കുട്ടികൾക്ക് 60ന് മുകളിലും, രണ്ട് മാസം മുതൽ ഒരു വയസുവരെ 50ന് മുകളിലും ഒരു വയസുമുതൽ അഞ്ചുവയസുവരെ 40ന് മുകളിലും അഞ്ചു വയസുമുതലുള്ള കുട്ടികൾ 30ന് മുകളിലും ഒരു മിനറ്റിൽ ശ്വാസമെടുക്കുന്നത് കണ്ടാൽ ഡോക്ടറെ കാണിക്കേണ്ടതാണ്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇത് നോക്കേണ്ടത്.
കുട്ടികൾ ശ്രദ്ധിക്കേണ്ടത്
· മാസ്ക് കൃത്യമായി ധരിക്കണം
· ചുമ, തുമ്മൽ ഉണ്ടെങ്കില് തൂവാല ഉപയോഗിക്കണം
· കൈ കഴുകുന്നത് ശീലമാക്കണം
രക്ഷിതാക്കൾ അറിയേണ്ടത്
· രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിൽ വിടരുത്
· കുട്ടികൾക്ക് ഇഷ്ടമുള്ള പോഷകാഹാരം, പാനീയം എന്നിവ നല്കണം
· തണുത്ത ആഹാരമോ പാനീയമോ നല്കരുത്
· ആഹാരം അളവ് കുറച്ച് കൂടുതൽ തവണ നല്കുക
· പോഷണഗുണമുള്ള ചൂടുപാനീയങ്ങൾ നല്കണം (ഉദാ: ചൂട് കഞ്ഞി വെള്ളത്തിൽ ചെറുനാരങ്ങ, ഉപ്പ് എന്നിവ ചേർത്തു നല്കാം)
· പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങൾ നല്കണം
· രോഗലക്ഷണങ്ങള് നിരീക്ഷിക്കണം
· അപായ സൂചനകൾ കണ്ടാൽ ഡോക്ടറെ കാണണം
· കൃത്യമായി മരുന്ന് നല്കണം.
