രഞ്ജിത്ത് ഇതിഹാസം; അവാര്‍ഡില്‍ ഇടപെട്ടിട്ടില്ല, പിന്തുണച്ച്‌ മന്ത്രി സജി ചെറിയാൻ, അവാര്‍ഡ് ജൂറി അംഗം സംസാരിക്കുന്ന ഓഡിയോ പുറത്തു വിട്ട് സംവിധായകൻ

You are currently viewing രഞ്ജിത്ത് ഇതിഹാസം; അവാര്‍ഡില്‍ ഇടപെട്ടിട്ടില്ല, പിന്തുണച്ച്‌ മന്ത്രി സജി ചെറിയാൻ, അവാര്‍ഡ് ജൂറി അംഗം സംസാരിക്കുന്ന ഓഡിയോ പുറത്തു വിട്ട് സംവിധായകൻ

തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അര്‍ഹതപ്പെട്ടവര്‍ക്കെന്ന് മന്ത്രി സജി ചെറിയാന്‍ നിക്ഷപക്ഷമായാണ് ജൂറി പ്രവര്‍ത്തിച്ചത്. ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്ന് മന്ത്രി പറഞ്ഞു. രഞ്ജിത്ത് ജൂറിയില്‍ അംഗമല്ലെന്നും അദ്ദേഹത്തിന് ജൂറിയിലെ ഒരാളുമായി പോലും സംസാരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

നടപടി ക്രമങ്ങളിലൂടെയാണ് ജൂറി സിനിമ തെരഞ്ഞെടുത്തത്. ജൂറിയെ സെലക്‌ട് ചെയ്‌തതും രഞ്ജിത്തല്ല. അദ്ദേഹം മാന്യനായ, കേരളം കണ്ട വലിയ ചലച്ചിത്രകാരനായ ഇതിഹാസമാണ്. അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഈ വര്‍ഷം വളരെ ഭംഗിയായാണ് പുരസ്‌കാരം നിര്‍ണയം നടത്തിയത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

അവാര്‍ഡ് കിട്ടുമെന്ന് പലരും പ്രതീക്ഷിച്ച്‌ കാണും. മാറ്റുരച്ചുരച്ച്‌ തങ്കം കണ്ടെത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരാള്‍ക്കും ഒരു പരാതി പോലും ഈ ആവാര്‍ഡ് നിര്‍ണയത്തില്‍ പറയാന്‍ പറ്റില്ല. പുരസ്‌കാര പ്രഖ്യാപനത്തില്‍ അവാര്‍ഡ് നിര്‍ണയ സമിതിക്കാണ് ഉത്തരവാദിത്വം. തെളിവുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് നിയമപരമായി നീങ്ങാം. ‘ഞാന്‍ പ്രഖ്യാപിച്ച അവാര്‍ഡ് ഞാന്‍ തന്നെ അന്വേഷിക്കണോ?. അങ്ങനെ രാജ്യത്ത് ആര്‍ക്കെല്ലാം എന്തെല്ലാം ഓഡിയോ ക്ലിപ്പുണ്ടാക്കാന്‍ പറ്റും. ഞാന്‍ പ്രഖ്യാപിച്ചതില്‍ ഒരു മാറ്റവുമില്ല’ – സജി ചെറിയാന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിനെതിരെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം നേമം പുഷ്‌പരാജ് സംസാരിക്കുന്ന ഓഡിയോ പുറത്തു വിട്ട് സംവിധായകൻ വിനയൻ. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നാണ് ഓഡിയോയില്‍ നേമം പുഷ്‌പരാജ് ആരോപിക്കുന്നത്. അക്കാദമി ചെയര്‍മാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്തിന് അര്‍ഹത ഇല്ലെന്നും പുഷ്‌പരാജ് പറയുന്നുണ്ട്.

ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയിച്ചപ്പോള്‍ തൻ്റെ സിനിമയായ 19-ാം നൂറ്റാണ്ട് ബോധപൂര്‍വ്വം തഴഞ്ഞെന്ന് വിനയൻ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ജൂറി അംഗത്തിൻ്റെ ഓഡിയോ പുറത്തുവിട്ടത്. ചെയര്‍മാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്‌പരാജ് ഇപ്പോള്‍ പറയുന്നു. അക്കാദമി ചെയര്‍മാൻ എന്ന നിലയില്‍ അവാര്‍ഡ് നിണ്ണയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തി എന്ന് വ്യക്തമായി ഒരു സീനിയര്‍ ജൂറി മെമ്പര്‍ പറഞ്ഞു കഴിഞ്ഞാല്‍ ഇനി മറുപടി പറയേണ്ടത് അക്കാദമി ചെയര്‍മാൻ രഞ്ജിത്ത് ആണ്, എന്ന് കുറിച്ചാണ് വിനയൻ ഓഡിയോ പങ്കുവച്ചത്.

0Shares