Categories
national news trending

കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്; കണ്ടെടുത്തത് ആഡംബര കാറുകള്‍, ലക്ഷങ്ങളുടെ സ്വര്‍ണം, കെട്ടുകണക്കിന് നോട്ടുകള്‍

360 കോടി രൂപ തട്ടിയെടുത്തതിനും വ്യാജരേഖേ ചമച്ചതിനും കേസെടുത്തത്

ചണ്ഡീഗഡ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എയുടെ വസതിയില്‍ എൻഫോഴ്‌സ്മെണ്ട് റെയ്‌ഡ്‌. ഹരിയാന നിയമസഭാംഗമായ ധരം സിംഗ് ചോക്കറിൻ്റെ വീട്ടിലായിരുന്നു പരിശോധന. ആഡംബര കാറുകളും ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളും പണവും ഇ.ഡി റെയ്‌ഡില്‍ കണ്ടെടുത്തു.

നാല് കോടി രൂപ വിലമതിക്കുന്ന നാല് ആഡംബര കാറുകള്‍, 14.5 ലക്ഷം രൂപയുടെ സ്വര്‍ണം, 4.5 ലക്ഷം രൂപ എന്നിവയ്ക്ക് പുറമേ നിരവധി രേഖകളും ധരംസിംഗിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. സമല്‍ഖ മണ്ഡലത്തിലെ എം.എല്‍.എ ആയ ചോക്കറിനായി പതിനൊന്ന് സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയതായി ഇ.ഡി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു.

ചോക്കറിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള സായ് ഐന ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ മഹിറ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവിടങ്ങളിലും മറ്റ് മഹിറ ഗ്രൂപ്പ് കമ്പനികളിലും റെയ്‌ഡ്‌ നടത്തിയിരുന്നു. ചോക്കര്‍ (59) മക്കളായ സിക്കന്ദര്‍ സിംഗ്, വികാസ് ചോക്കര്‍ എന്നിവരാണ് മഹിറ ഗ്രൂപ്പിൻ്റെ ഉടമകള്‍.

ഗുരുഗ്രാമിലെ സെക്ടര്‍ 68ല്‍ പാര്‍പ്പിട യൂണിറ്റുകള്‍ നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ 1,400ലധികം പേരില്‍ നിന്ന് 360 കോടി രൂപ തട്ടിയെടുത്തതിനും വ്യാജരേഖ ചമച്ചതിനുമാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചോക്കര്‍ പ്രാഥമിക വരുമാന മാര്‍ഗമായി കൃഷിയാണ് കാണിച്ചിരുന്നത്. കൂടാതെ തനിക്കെതിരെ ഒരു ക്രിമിനല്‍ കേസും നിലവിൽ ഇല്ലെന്നും ഒരു കോടിയിലധികം രൂപയുടെ ആസ്‌തിയുണ്ടെന്നുമാണ് കാണിച്ചിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest